local-body-election

തിരുവനന്തപുരം: വീറും വാശിയും നാൾക്കുനാൾ ഏറിവന്ന പ്രചാരണ കോലാഹലങ്ങൾക്കൊടുവിൽ തദ്ദേശ വോട്ടെടുപ്പിനായി തലസ്ഥാന ജില്ല ഉൾപ്പെടെ അഞ്ച് തെക്കൻ ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്.

ബി.ജെ.പി, ജമാഅത്തെ ഇസ്ലാമി ബന്ധമാരോപിച്ച് മുഖ്യമന്ത്രി നടത്തിയ കടന്നാക്രമണത്തിന്, അതേ നാണയത്തിൽ യു.ഡി.എഫ് നേതാക്കൾ തിരിച്ചടിച്ചതോടെ അവസാന നിമിഷങ്ങളിൽ പ്രചാരണത്തിന്റെ രാഷ്ട്രീയമാനം മാറി. ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുബാങ്കുകളെ ഒരുപോലെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയാക്രമണമാണ് ഇരുകൂട്ടരും നടത്തിയത്. മുഖ്യമന്ത്രി വർഗീയ കാർഡിറക്കുന്നുവെന്ന് യു.ഡി.എഫ് ആരോപിച്ചപ്പോൾ വെൽഫെയർ പാർട്ടി ബാന്ധവത്തിൽ യു.ഡി.എഫ് അണികളിലെ ആശയക്കുഴപ്പം മുതലെടുക്കാനാണ് സി.പി.എം ശ്രമം. തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ രാഷ്ട്രീയ ചലനങ്ങൾ ഭരണസിരാകേന്ദ്രത്തിലേക്കുള്ള ഗതി നിർണയിക്കുമെന്ന വിശ്വാസം മുന്നണികൾക്ക് പണ്ടേയുണ്ട്.

2015ൽ തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും നേടിയ വലിയ മേൽക്കൈ നിലനിറുത്തുകയാണ് ഇടതുമുന്നണി നേരിടുന്ന വെല്ലുവിളി. കേരള കോൺഗ്രസ്-ജോസ് വിഭാഗത്തിന്റെ വരവും ഇടുക്കി ജില്ലയിലെ പട്ടയ വിതരണവും പത്തനംതിട്ടയിലെ പ്രളയകാല സന്നദ്ധപ്രവർത്തനവുമെല്ലാം ഗുണം ചെയ്യുമെന്ന പ്രതീക്ഷയുണ്ട്.

തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും നഷ്ടമായ സ്വാധീനം തിരിച്ചുപിടിക്കാനും ഇടുക്കിയിലെയും പത്തനംതിട്ടയിലേയും മേൽക്കൈ നിലനിറുത്താനുമുള്ള കടുത്ത പോരാട്ടത്തിലാണ് യു.ഡി.എഫ്. അപ്രതീക്ഷിതമായി കഴിഞ്ഞ തവണ തലസ്ഥാന കോർപ്പറേഷനിൽ 35സീറ്റുകൾ നേടി മുഖ്യപ്രതിപക്ഷമായ ബി.ജെ.പി ഭരണം പിടിക്കുകയെന്ന ലക്ഷ്യം വച്ചാണ് നീങ്ങുന്നത്. കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും തിരയിളക്കമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് എൻ.ഡി.എ.

ജില്ലകളിലെ ചിത്രം

 തിരുവനന്തപുരം

കോർപ്പറേഷനിൽ തീപാറും ത്രികോണമത്സരം. മൂന്നു മുന്നണിയും ഇഞ്ചോടിഞ്ച് പോരിൽ. മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലും സ്ഥാനാർത്ഥിനിർണയത്തിലും പ്രചാരണത്തിലും ഒരു പടി മുന്നിൽ ഇടതുമുന്നണിയാണെങ്കിലും അവസാന ഘട്ടത്തിൽ യു.ഡി.എഫ് ഒപ്പമെത്തി. ബി.ജെ.പി സാന്നിദ്ധ്യം ശക്തമാക്കി.

 കൊല്ലം

എൽ.ഡി.എഫിന് ശക്തമായ പോര് സമ്മാനിക്കുന്ന യു.ഡി.എഫ് ഉയിർത്തെഴുന്നേൽക്കുമെന്ന് അവകാശപ്പെടുന്നു.കോർപ്പറേഷനിൽ രണ്ട് വാർഡുകൾ നേടിയ ബി.ജെ.പി കറുത്ത കുതിരകളാകുമെന്ന് അവകാശപ്പെടുമ്പോൾ,മുന്നേറ്റം തുടരുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.

 പത്തനംതിട്ട

യു.ഡി.എഫിന് മേൽക്കൈ. പ്രളയകാല സന്നദ്ധപ്രവർത്തനം നടത്തി ജനകീയരായ യുവാക്കളാണ് എൽ.ഡി.എഫിന്റെ തുറുപ്പുഗുലാൻ. കേരള കോൺഗ്രസ്-ജോസ് വിഭാഗത്തിന്റെ വരവ് നേട്ടമാവുമെന്ന് പ്രതീക്ഷ.

 ഇടുക്കി

പട്ടയവിതരണവും ജോസ് വിഭാഗത്തിന്റെ വരവുമാണ് ഇടതുപ്രതീക്ഷകൾക്ക് ബലം നൽകുന്നത്. ജോസഫിന്റെ തട്ടകത്തിൽ ജോസിന് പ്രസക്തിയില്ലെന്ന് യു.ഡി.എഫ്. 2015ൽ ഇടതിന് തുണയായിരുന്ന ഹൈറേഞ്ച് സംരക്ഷണസമിതി നിർജീവമായതും ഭൂനിയമഭേദഗതിയെ ചൊല്ലിയുയർന്ന വിവാദവും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.

 ആലപ്പുഴ

ഇടത് മേൽക്കൈയുണ്ടെങ്കിലും യു.ഡി.എഫും വിടില്ലെന്ന വാശിയിൽ. ചെങ്ങന്നൂർ മേഖലയിലടക്കം ബി.ജെ.പി കരുത്തുകാട്ടാനൊരുങ്ങുന്നു.