
നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് കമ്മിറ്റിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ക്യൂബയിലെയും ചൈനയിലെയും അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കിടയില്‍ മൈക്രോവേവ് വികിരണം രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തി. 2016 അവസാനത്തോടെ ഹവാനയിലെ യു എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന അസുഖങ്ങളുടെ കാരണം കണ്ടെത്താനാണ് പഠനം നടത്തിയത്.
2016 മുതല്‍ 2018 മേയ് വരെ ക്യൂബയില്‍ ജോലി ചെയ്തിരുന്ന നയതന്ത്ര പ്രതിനിധികള്‍ക്കാണ് മസ്തിഷ്‌കത്തിന് അജ്ഞാത രോഗാവസ്ഥ കണ്ടെത്തിയത്. ഛര്‍ദി, തലകറക്കം, കേള്‍വിക്കുറവ് തുടങ്ങി എല്ലാവര്‍ക്കും ഒരേ രോഗലക്ഷണമായിരുന്നുവെന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിച്ചു. എന്നാല്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ക്യൂബക്കാര്‍ക്കോ അവിടെയെത്തുന്ന അമേരിക്കന്‍ ടൂറിസ്റ്റുകള്‍ക്കോ യാതൊരു കുഴപ്പവുമുണ്ടായില്ല. തുടര്‍ന്ന് ജാഗ്രതയോടെ പരിശോധിച്ചപ്പോഴാണ് രാത്രികളില്‍ അസാധാരണമായ ശബ്ദതരംഗങ്ങള്‍ വരുന്നതിനെപ്പറ്റി നയതന്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ശബ്ദം റെക്കോര്‍ഡും ചെയ്തു. അള്‍ട്രാഫ്രീക്വന്‍സി തരംഗങ്ങളായിരുന്നു എല്ലാം. എന്നാല്‍ ഇവ എവിടെനിന്നു വരുന്നുവെന്നത് ഇന്നും അജ്ഞാതമാണ്. 'ഹവാന സിന്‍ഡ്രോം' എന്നാണു മസ്തിഷ്‌കത്തിനു സംഭവിച്ച പ്രശ്‌നത്തിന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയിരിക്കുന്ന പേര്.
'മൈക്രോവേവ് തരംഗ'ങ്ങളാണ് രോഗകാരണമെന്ന് പഠനത്തില്‍ കണ്ടെത്തി. ഉഷ്ണമേഖലാ രോഗം അല്ലെങ്കില്‍ മനശാസ്ത്രപരമായ കാരണങ്ങളാവാം എന്ന് നേരത്തെ സംശയിച്ചിരുന്നു. പഠനത്തില്‍ രോഗത്തിന്റെ ഉറവിടം പറഞ്ഞിട്ടില്ല, മാത്രമല്ല ഇത് ഒരു ആക്രമണത്തിന്റെ ഫലമാണെന്നും പറഞ്ഞിട്ടില്ല. മുന്‍ സോവിയറ്റ് യൂണിയനില്‍ ഇത്തരത്തിലുള്ള പരിക്കുകളെക്കുറിച്ച് ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ക്യൂബയുടെ കയ്യിലുള്ള സോണിക് ആയുധമാണ് ഇതിനു പിന്നിലെന്നായിരുന്നു ആദ്യ നിഗമനം. അതോടെ 2017 ഒക്ടോബര്‍ ആദ്യം ക്യൂബയുടെ 15 നയതന്ത്ര പ്രതിനിധികളെ യുഎസില്‍നിന്നു പുറത്താക്കി. 'ഇലക്ട്രോമാഗ്നറ്റിക്' ആയുധമാണ് ഇതിനു വേണ്ടി ക്യൂബ ഉപയോഗിച്ചതെന്ന് യു എസ് ഭരണകൂടം ഔദ്യോഗികമായി വ്യക്തമാക്കി. 2017ല്‍ ക്യൂബയിലെ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി യു എസ് നയതന്ത്ര പ്രതിനിധികള്‍ മടങ്ങുകയും ചെയ്തിരുന്നു. ജീവനക്കാര്‍ക്കേറ്റ 'മാരകമായ പരുക്കിന്' ക്യൂബയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂക്ഷഭാഷയിലാണു അന്ന് വിമര്‍ശിച്ചത്. കേള്‍വിപ്രശ്നം, തലചുറ്റല്‍, കടുത്ത തലവേദന, തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ മാന്ദ്യം, ഛര്‍ദി തുടങ്ങിയവയാണ് ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍.