
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ മുസ്ലിം യുവാവ് വെടിവച്ച് കൊലപ്പെടുത്തി. സോണിയ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ വിവാഹാഭ്യർത്ഥന പെൺകുട്ടിയുടെ മാതാപിതാക്കൾ നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവാവ് കൃത്യം നടത്തിയത്. സുഹൃത്തിനൊപ്പം ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സോണിയക്കു നേരെ ഷെഹ്‌സാദ് വെടിയുതിർത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഫൈസാനെന്ന യുവാവിനെ അറസ്റ്റ് ചെയ്തെന്ന് റാവൽപിണ്ടിയിലെ കോറൽ പൊലീസ് സ്‌റ്റേഷനിലെ അധികൃതർ അറിയിച്ചു. ഷെഹ്‌സാദിനു വേണ്ടിയുള്ള തിരച്ചിലുകൾ പുരോഗമിക്കുകയാണ്.
സോണിയയും ഷെഹ്‌സാദും റാവൽപിണ്ടിയിലെ ഓൾഡ് എയർപോർട്ട് ഏരിയയിലെ താമസക്കാരാണ്. ഷെഹ്‌സാദിന്റെ അമ്മ സോണിയയുടെ മാതാപിതാക്കളെ സമീപിച്ച്, മകളെ മകന് വിവാഹം കഴിച്ചു നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ, മകൾ, മറ്റൊരു യുവാവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതിനാൽ സോണിയയുടെ മാതാപിതാക്കൾ ആവശ്യം നിരസിക്കുകയായിരുന്നു.