diamond-mining

ലുവാണ്ട: വജ്ര ഖനനത്തിന് പ്രസിദ്ധമാണ് ആഫ്രിക്കൻ രാജ്യങ്ങൾ. ആഫ്രിക്കയിൽ വജ്ര ഖനനത്തിൽ മൂന്നാം സ്ഥാനത്തുള്ള അംഗോള ഇന്ത്യൻ കമ്പനികളെ രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്യുകയാണ്. ജെംസ് ആൻഡ് ജുവലറി എക്‌സ്‌പോർട് പ്രൊമോഷൻ കൗൺസിൽ ഒഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.

വജ്രം വൻ തോതിൽ വാങ്ങിക്കൂട്ടുന്ന ഇന്ത്യൻ കമ്പനികളെ രാജ്യത്തേക്ക് ക്ഷണിക്കുന്നതിലൂടെ വിദേശ നിക്ഷേപം ശക്തിപ്പെടുത്തുകയാണ് അംഗോളയുടെ ലക്ഷ്യം. രാജ്യത്തെ ഇതുവരെ നാൽപ്പത് ശതമാനം പ്രദേശങ്ങളിൽ മാത്രമാണ് വജ്ര ഖനനം നടന്നിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ കമ്പനികളെ ക്ഷണിച്ചിരിക്കുന്നത്.

ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള നേരിട്ടുള്ള നിക്ഷേപം പ്രതീക്ഷിക്കുന്ന അംഗോളയുമായി ഇന്ത്യക്ക് വൻ തോതിലുള്ള ഇടപാടുകൾ നിലവിലുണ്ട്. അംഗോളയിൽ നിന്നുള്ള കയറ്റുമതിയുടെ 10ശതമാനം ഇന്ത്യയിലേക്കാണ്. ഇന്ത്യയിലേക്ക് ആഭരണങ്ങൾ കയറ്റി അയക്കുന്ന രണ്ടാമത്തെ വലിയ ആഫ്രിക്കൻ രാജ്യമാണ് അംഗോള. അംഗോളയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഡയമണ്ടിന്റെ മൂല്യം 2019-20 കാലത്ത് 6.01 ദശലക്ഷം ഡോളറായി.
ഇന്ത്യൻ കമ്പനികൾ സ്വർണവും വജ്രവും വാങ്ങുന്നുണ്ടെങ്കിലും വജ്ര ഉൽപ്പാദനം 90 ലക്ഷം കാരറ്റിൽ നിന്ന് 1.50 കോടി കാരറ്റിലേക്ക് എത്തിക്കാനാണ് അംഗോളയുടെ ശ്രമം. ഇന്ധന കയറ്റുമതിയ്ക്കും രാജ്യം കൂടുതൽ പരിഗണന നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ കമ്പനികളെ രാജ്യത്തേക്ക് ക്ഷണിക്കുന്നതിലൂടെ മറ്റ് മേഖലകൾ സാമ്പത്തിക ഭദ്രത കൈവരിക്കുമെന്ന നിഗമനത്തിലാണ് അംഗോള. ഈ സാഹചര്യത്തിൽ വജ്ര ഉൽപ്പാദനത്തിനായി ഇന്ത്യൻ കമ്പനികളുമായി രണ്ട് വർഷത്തെ കരാറിനാണ് രാജ്യം ശ്രമിക്കുന്നത്.