
സി.എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് വിമർശനം ഉയരുന്നത് ഇത് ആദ്യമായല്ല. ഭരണം കൈയാളുന്ന രാഷ്ട്രീയ കക്ഷികൾ അവർക്കു ബുദ്ധിമുട്ടുണ്ടാകുന്ന നിരീക്ഷണങ്ങൾ ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെട്ടു വരുമ്പോൾ അതിനെതിരെ യുദ്ധപ്രഖ്യാപനവുമായി ഇറങ്ങാറുണ്ട്. എല്ലാ കക്ഷികളും ഇങ്ങനെ ചെയ്തിട്ടുണ്ട്.കിഫ്ബി ഓഡിറ്റ് വിവാദം ആണ് അവസാനത്തേത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 151 (2) അനുസരിച്ചു നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാനായിട്ടാണ് ഗവർണർക്കും ഫിനാൻസ് സെക്രട്ടറിക്കും സി.എ.ജി ഒപ്പിട്ട ഓഡിറ്റ് റിപ്പോർട്ട് സീൽഡ് കവറിൽ എത്തിച്ചുകൊടുക്കുന്നത്. നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നത് വരെ അത് തുറന്നു വായിക്കാൻ ആർക്കും അധികാരമില്ല. അങ്ങനെ ഒരു കീഴ്വഴക്കവുമില്ല. അത് നിയമസഭയ്ക്കു മാത്രം അവകാശപ്പെട്ടതാണ്.
സി.എ.ജി റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഗവൺമെന്റിന് പരാതി ഉണ്ടെങ്കിൽ അത് ഉന്നയിക്കാൻ വ്യവസ്ഥാപിത മാർഗങ്ങളായ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി / പബ്ലിക് അണ്ടർടേക്കിംഗ്സ് കമ്മിറ്റി എന്നിവയെയോ അല്ലെങ്കിൽ കോടതിയെയോ സമീപിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.
അങ്ങേയറ്റം നിഷ്പക്ഷവും സുതാര്യവുമായിട്ടാണ് ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നത്. കേരള ഏജീസ് ഓഫീസിൽ നല്ലൊരു ഭാഗം ജീവനക്കാരും ഇടതുപക്ഷ ചായ്വുള്ളവരാണ് എന്ന് എല്ലാപേർക്കും അറിവുള്ള കാര്യമാണ്. ആ രാഷ്ട്രീയം ജോലിയെ സ്വാധീനിക്കുമായിരുന്നെങ്കിൽ ഇടതു ഭരണനയങ്ങൾക്കെതിരെ ഒരു പരാമർശവും ഓഡിറ്റ് റിപ്പോർട്ടിൽ വരരുതായിരുന്നല്ലോ. സി.എ.ജിയുടെ ഓഫീസ് കേന്ദ്ര സർക്കാരിന് സ്വാധീനിക്കാൻ കഴിയുമെങ്കിൽ കേന്ദ്ര സർക്കാരിനെതിരെയും ഒരു റിപ്പോർട്ടും ഉണ്ടാകില്ലല്ലോ. ആരുടെയും വ്യക്തി താത്പര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ കഴിയാത്ത വ്യവസ്ഥാപിതമായ നിയമങ്ങളും മാർഗരേഖകളുമാണ് അവിടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
ഫൈനൽ ഓഡിറ്റ് റിപ്പോർട്ടിൽ മാത്രമേ സി.എ.ജി ഒപ്പിടൂ. അത് പ്രിന്റ് ചെയ്തു പുസ്തകരൂപത്തിലായിരിക്കും. സി.എ.ജിയുടെ ഒപ്പിന്റെ ഫാസിമിലി പതിപ്പിച്ച കൂടുതൽ കോപ്പി പിന്നീട് സാമാജികർക്കും ഉദ്യോഗസ്ഥന്മാർക്കും കൊടുക്കാനായി പ്രത്യേകമായി എത്തിച്ചുകൊടുക്കുകയും ചെയ്യും.
ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ പോകുന്ന കാര്യങ്ങൾ ഡ്രാഫ്റ്റ് പാരഗ്രാഫ് (ഡി.പി) എന്ന പേരിൽ അയക്കുന്നതല്ലാതെ ഡ്രാഫ്റ്റ് ആഡിറ്റ് റിപ്പോർട്ട് അയയ്ക്കുന്ന ഒരു രീതി സി.എ.ജിക്ക് ഇല്ല.
മേശപ്പുറത്ത് വയ്ക്കുന്ന റിപ്പോർട്ട്
സി.എ.ജിക്ക് വേണ്ടി ഓഡിറ്റ് ചെയ്യുന്നത് സംസ്ഥാനങ്ങളിലുള്ള ഏജീസ് ഓഫീസ് പോലുള്ള ഫീൽഡ് ഓഫീസുകളാണ്. ഓഡിറ്റിന് പോകുന്ന ടീം പരിശോധനയിൽ കാണുന്ന പ്രശ്നങ്ങൾ അപ്പപ്പോൾ തന്നെ ഓഡിറ്റ് എൻക്യുറീസ് ആയി ഓഫീസ് തലവന് നൽകും. അതിന് അവർ കൊടുക്കുന്ന മറുപടി കൂടി പരിഗണിച്ച് ഓഡിറ്റ് തീരുമ്പോൾ ഒരു റിപ്പോർട്ട് എഴുതി ഓഫീസ് തലവൻ കൂടി പങ്കെടുക്കുന്ന മീറ്റിംഗിൽ ചർച്ച ചെയ്യുകയും അവരുടെ ഒപ്പ് വാങ്ങി ഡ്രാഫ്റ്റ് ലോക്കൽ ഓഡിറ്റ് റിപ്പോർട്ട് ആയി ഏജീസ് ഓഫീസിലേക്ക് അയയ്ക്കുകയും ചെയ്യും. ഓരോ ഓഡിറ്റിന്റെയും ആരംഭത്തിൽ ആശയവിനിമയത്തിനായി ഒരു എൻട്രി മീറ്റിംഗും അവസാനിക്കുമ്പോൾ എക്സിറ്റ് മീറ്റിംഗും ഓഫീസ് മേധാവിയുമായി നടത്തുന്നതാണ്.
ഏജീസ് ഓഫീസിൽ കിട്ടുന്ന ഓരോ ഡ്രാഫ്റ്റ് ലോക്കൽ ഓഡിറ്റ് റിപ്പോർട്ടും ബന്ധപ്പെട്ട വിഭാഗം പരിശോധിച്ച് ആവശ്യമായ മാറ്റം വരുത്തി ഡെപ്യൂട്ടി എ.ജി ഒപ്പിട്ട് ലോക്കൽ ഓഡിറ്റ് റിപ്പോർട്ട് എന്ന പേരിൽ ഓഫീസ് മേധാവിക്കും വകുപ്പ് മേധാവിക്കും അയയ്ക്കും. അവർ അതിൽ ആവശ്യമായ തിരുത്തൽ നടപടികൾ എടുത്തതിനുശേഷം എ.ജിക്കു മറുപടി അയയ്ക്കണം. അങ്ങനെയുള്ള റിപ്പോർട്ടുകളിൽ നിന്നും പ്രധാനപ്പെട്ട വസ്തുതകൾ സ്റ്റേറ്റ്മെന്റ് ഒഫ് ഫാക്ട്സ് എന്ന പേരിൽ വീണ്ടും ഉന്നതതല പരിഗണനയ്ക്കായി വകുപ്പ് തലവന്മാർക്കും ബന്ധപ്പെട്ട ഗവൺമെന്റ് സെക്രട്ടറിക്കും അയച്ചുകൊടുക്കും. അതിനുശേഷവും അവശേഷിക്കുന്ന പ്രധാന ഒബ്ജക്ഷൻസ് ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നതിന്റെ മുന്നോടിയായി ഡ്രാഫ്റ്റ് പാരഗ്രാഫ് (ഡി.പി) എന്ന പേരിൽ അക്കൗണ്ടന്റ് ജനറൽ ഒപ്പിട്ട് ബന്ധപ്പെട്ട ഗവൺമെന്റ് സെക്രട്ടറിക്ക് അയച്ചുകൊടുക്കുന്നു. ഇതിന് മറുപടി കൊടുക്കാൻ ആറാഴ്ച സമയം കൂടി കൊടുക്കും. മറുപടി തൃപ്തികരം ആകാതിരിക്കുകയോ മറുപടി കിട്ടാതിരിക്കുകയോ ചെയ്താൽ ഫൈനൽ ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്താനായി ഡി.പികൾ സി.എ.ജി ഓഫീസിലേക്ക് അയച്ചുകൊടുക്കും. അവിടെ അയച്ചു കിട്ടുന്ന ഓരോ പാരഗ്രാഫും വസ്തുനിഷ്ഠമായി പരിശോധിക്കപ്പെടും.അതിലെ ഓരോ പാരഗ്രാഫിലും പരാമർശിക്കപ്പെടുന്ന കാര്യങ്ങൾ ശരിയാണെന്നു തെളിയിക്കുന്ന രേഖകകളും ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിച്ച മറുപടികളും അതിനോടൊപ്പം ഉണ്ടായിരിക്കണം. ഡ്രാഫ്റ്റ് പാരഗ്രാഫിൽ ആവശ്യമെന്നു തോന്നുന്ന മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ചെയ്യാൻ സി.എ.ജിക്ക് അധികാരമുണ്ട്. വലിയ മാറ്റങ്ങൾ ഫീൽഡ് ഓഫീസുകളുമായി ആലോചിച്ച് മാത്രമേ സാധാരണ ചെയ്യാറുള്ളൂ. കാരണം അതിനാവശ്യമായ ഫീൽഡ് വിസിറ്റ് നടത്തി കൂടുതൽ വിവരങ്ങളും കീ ഡോക്യുമെന്റ്സും ശേഖരിക്കേണ്ടിവരും. കീ ഡോക്യുമെന്റ്സിന്റെ പിൻബലം ഇല്ലാതെ ഒരു പാരഗ്രാഫും ഓഡിറ്റ് റിപ്പോർട്ടിൽ ചേർക്കാൻ കഴിയില്ല.
കീ ഡോക്യുമെന്റിന്റെ ബലത്തിലാണ് പിന്നീട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ എ.ജി സ്വന്തം ഭാഗം സർക്കാരിന് വേണ്ടി വിശദീകരിക്കേണ്ടത്.
ഇതിനുശേഷം സി.എ.ജി അംഗീകരിച്ച ഡി.പി.കൾ തിരിച്ചുകിട്ടിക്കഴിഞ്ഞാൽ ഫീൽഡ് ഓഫീസുകൾ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കി പ്രിന്റ് ചെയ്ത് പുസ്തകരൂപത്തിലാക്കി സി.എ.ജിയുടെ ഒപ്പിനായി അയയ്ക്കുന്നു. സി.എ.ജിയുടെ ഒപ്പിട്ടു കിട്ടിയാൽ എ.ജിയുടെ കവറിംഗ് ലെറ്റർ സഹിതം ആർട്ടിക്കിൾ 151 (2) പ്രകാരം നിയമസഭയിൽ സമർപ്പിക്കാനായി കൊടുക്കുന്നു. ഇ തുപോലെ ആറോളം ഓഡിറ്റ് റിപ്പോർട്ടുകൾ ഒരുവർഷം വിവിധ വിഷയങ്ങളിൽ സി.എ.ജി കേരളത്തിന് വേണ്ടി ഉണ്ടാക്കുന്നുണ്ട്.
നിയമസഭ കൂടുമ്പോൾ സ്പീക്കർ അത് മേശപ്പുറത്ത് വയ്ക്കുകയും തുടർ നടപടികൾക്കായി നിയമസഭാ കമ്മിറ്റികളായ പബ്ലിക് അക്കൗണ്ട്സ് / പബ്ലിക് അണ്ടർടേക്കിംഗ്സ് കമ്മിറ്റികൾക്ക് നൽകുകയും ചെയ്യുന്നു. ഈ കമ്മിറ്റികൾ എ.ജിയെയും ഡിപ്പാർട്ട്മെന്റൽ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി തുടർന്ന നടപടികൾ തീരുമാനിക്കുന്നു.
അതുകൊണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ ധനമന്ത്രി അവകാശപ്പെടുന്നത് പോലെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് പി.എ.സിയുടെ മുന്നിൽ വരുന്നതുവരെ കാക്കുകയാണ് വേണ്ടിയിരുന്നത്.
(ഏജീസ് ഓഫീസിലെ റിട്ട. സീനിയർ ഓഡിറ്റ് ഓഫീസറാണ് ലേഖകൻ.
ഫോൺ: 9961666109)