
ഒരു കുറ്റാരോപിതനെ ജാമ്യത്തിൽ വിടുന്നതിന്റെ പ്രധാന കാരണം, അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അനാവശ്യമായി ഹനിക്കാൻ പാടില്ല എന്നുള്ള ഭരണഘടനാ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്. ഭരണഘടന ആർട്ടിക്കിൾ 21-ൽ പറയുന്നത് നിയമ നടപടിക്രമമനുസരിച്ചല്ലാതെ യാതൊരാളുടെയും ജീവനോ വ്യക്തി സ്വാതന്ത്ര്യമോ ഇല്ലാതാക്കുവാൻ പാടില്ല എന്നാണ്.
വർഷങ്ങളെടുത്ത് വിചാരണ കഴിയുമ്പോൾ കുറ്റാരോപിതൻ കുറ്റക്കാരനല്ല എന്ന് കോടതി നിഗമനത്തിലെത്തിയാൽ ഇക്കാലമത്രയും ജയിലിൽ കഴിഞ്ഞ വ്യക്തിയുടെ മൗലികാവകാശം ധ്വംസിക്കലാണ് ഫലം. അത് ഭരണഘടനാ വിരുദ്ധമാണ്. ജാമ്യത്തെ സാധാരണ ജാമ്യമെന്നും മുൻകൂർ ജാമ്യമെന്നും വേർതിരിക്കാം. സാധാരണ ജാമ്യം പൊലീസിനും കോടതിക്കും നൽകാം.
വാറണ്ട് കൂടാതെ ഒരാളെ അറസ്റ്റ് ചെയ്യുകയോ, അല്ലെങ്കിൽ ബെയിലബിൾ വാറണ്ടോടെ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയോ ചെയ്താൽ, നിബന്ധനകൾക്ക് വിധേയമായി പൊലീസിന് അയാൾക്ക് ജാമ്യം അനുവദിക്കാം. ഒരു കുറ്റാരോപിതന് ബന്ധപ്പെട്ട ക്രിമിനൽ പ്രൊസീഡിയർ കോഡ് വ്യവസ്ഥകൾക്ക് വിധേയമായി മജിസ്ട്രേട്ടിനോ അധികാരമുള്ള കോടതിക്കോ ജാമ്യത്തിൽ വിടാവുന്നതാണ്. ഒരു ബെയിലബിൾ ഒഫൻസാണ് കുറ്റക്കാരനെതിരെ ആരോപിക്കുന്നതെങ്കിൽ അയാൾക്ക് ഒരവകാശമായി ജാമ്യം നേടാം. എന്നാൽ നോൺ ബെയിലബിൾ ഒഫൻസാണ് ആരോപിക്കുന്നതെങ്കിൽ, വിവിധ ഘടകങ്ങൾ പരിശോധനാവിധേയമാക്കിയതിനു ശേഷമേ ജാമ്യം നൽകുന്നതിൽ തീരുമാനമുണ്ടാകൂ.
ഒരു ജാമ്യാപേക്ഷ ലഭിച്ചാൽ, ജാമ്യം നൽകുക, നിഷേധിക്കുക എന്നിവയെല്ലാം ബന്ധപ്പെട്ട കക്ഷികളുടെ താത്പര്യങ്ങൾ വിശദമായി പരിശോധിച്ചതിനുശേഷം നിയമാനുസൃതം ന്യായാധിപൻ തീരുമാനിക്കേണ്ടതാണ്. എന്തെല്ലാം ഘടകങ്ങളാണ് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പരിശോധിക്കേണ്ടത് എന്ന് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ നിരവധി വിധികളിൽ സുപ്രീംകോടതിയും ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമായി പരിശോധിക്കേണ്ടത് കുറ്റാരോപിതൻ കുറ്റം ചെയ്തു എന്ന് ബോദ്ധ്യപ്പെടുത്താനുള്ള വസ്തുതകൾ ഹാജരാക്കിയിട്ടുണ്ടോ എന്നുള്ളതാണ്. കുറ്റത്തിന്റെ സ്വഭാവം, ഗൗരവം, ശിക്ഷിക്കപ്പെട്ടാൽ അതിന്റെ തീവ്രത, അപേക്ഷകൻ ഏതെങ്കിലും കുറ്റത്തിന് മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, ജാമ്യം ലഭിച്ചുകഴിഞ്ഞാൽ അപേക്ഷകൻ അപ്രത്യക്ഷനാകാനുള്ള സാദ്ധ്യത, അന്വേഷണത്തെ തടസപ്പെടുത്താനുള്ള സാദ്ധ്യത, സാക്ഷികളെ സ്വാധീനിക്കാനുള്ള സാദ്ധ്യത, കൂടാതെ അപേക്ഷകന്റെ ചരിത്രം, സ്വഭാവം, പെരുമാറ്റം, സമൂഹത്തിലുള്ള സ്ഥാനം ഇങ്ങനെയുള്ള നിരവധി വസ്തുതകൾ വിലയിരുത്തിയതിനുശേഷമേ ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനമെടുക്കാൻ പാടുള്ളൂ.
എന്നാൽ സാധാരണ ജാമ്യത്തെ അപേക്ഷിച്ച് മുൻകൂർ ജാമ്യം ചില വ്യത്യസ്തതകളുള്ളതാകുന്നു. ഈയിടെയായി മുൻകൂർ ജാമ്യത്തെപ്പറ്റി മാദ്ധ്യമങ്ങളിൽ നിരന്തരം വാർത്തകൾ വരുന്നതുകൊണ്ട് അത് ജനശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. . ഒരു കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ടയാളെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് അയാൾക്ക് ബോദ്ധ്യം വന്നാൽ, അങ്ങനെ അറസ്റ്റ് ഉണ്ടാകുന്നപക്ഷം ഉടനേ ജാമ്യത്തിൽ വിട്ടുകിട്ടുവാൻ അയാൾക്ക് ഹൈക്കോടതിയിലോ സെഷൻസ് കോടതിയിലോ അപേക്ഷ നൽകാം. അറസ്റ്റിന് മുമ്പ് കോടതി നിർദ്ദേശിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി ഒരു കുറ്റാരോപിതന്, ബന്ധപ്പെട്ട കോടതി നൽകുന്ന താത്കാലിക നിയമാനുകൂല്യമാണ് മുൻകൂർ ജാമ്യം. ഇങ്ങനെ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് സംസ്ഥാന ഗവൺമെന്റിന്റെയോ ഡയറക്ടർ ജനറൽ ഒഫ് പൊലിസിന്റെയോ വാദമുഖങ്ങൾ നിർബന്ധമായും ബന്ധപ്പെട്ട കോടതി കേട്ടിരിക്കേണ്ടതാണ്. ചിലപ്പോൾ സ്വാധീനമുള്ള വ്യക്തികൾ എതിരാളികളെ കള്ളക്കേസിൽ ഉൾപ്പെടുത്തി ജയിലിലടയ്ക്കാൻ ശ്രമിക്കുകയോ, അല്ലെങ്കിൽ അവർക്ക് അപമാനം വരുത്താൻ ശ്രമിക്കുമ്പോഴോ ആണ് സാധാരണയായി മുൻകൂർ ജാമ്യത്തിന്റെ പ്രസക്തി വരുന്നത്.
എന്നാൽ ഒരു കേസ് രജിസ്റ്റർ ചെയ്തെന്ന കാരണത്താൽ അറസ്റ്റ് ചെയ്യപ്പെടുമെന്നുള്ള ഭയം കൊണ്ടുമാത്രം ഒരു വ്യക്തിക്ക് മുൻകൂർ ജാമ്യം ലഭിക്കില്ല. കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന് അപേക്ഷകൻ കോടതിയെ ബോദ്ധ്യപ്പെടുത്തണം. സാധാരണ നോൺ ബെയിലബിൾ ഒഫൻസിൽ ജാമ്യാപേക്ഷ പരിശോധിക്കുമ്പോൾ പരിഗണിക്കുന്ന എല്ലാ ഘടകങ്ങളും മുൻകൂർ ജാമ്യാപേക്ഷയിലും വിശദമായി പരിശോധിച്ചതിനു ശേഷമേ മുൻകൂർ ജാമ്യം അനുവദിക്കാറുള്ളൂ. ബന്ധപ്പെട്ട പൊലീസ് ഓഫീസർ ചോദ്യം ചെയ്യലിന് എപ്പോൾ വിളിച്ചാലും ഹാജരാകുക, കേസുമായി ബന്ധപ്പെട്ട് ആരെയും സ്വാധീനിക്കാതിരിക്കുക, ഭീഷണിപ്പെടുത്താതിരിക്കുക, വാഗ്ദാനങ്ങൾ നൽകാതിരിക്കുക, ഇന്ത്യയ്ക്ക് പുറത്ത് പോകണമെങ്കിൽ കോടതിയുടെ അനുവാദം വാങ്ങുക എന്നീ നിബന്ധനകൾക്കു പുറമെ അപേക്ഷകന്റെ ജോലി, പദവി, സാമ്പത്തിക നിലവാരം, കുടുംബബന്ധങ്ങൾ എന്നിവയുൾപ്പെടെയുള്ള വസ്തുതകൾ പരിശോധിച്ചശേഷം മാത്രമേ കോടതി മുൻകൂർ ജാമ്യം അനുവദിക്കാറുള്ളൂ. മുൻകൂർ ജാമ്യം ലഭിക്കുക എന്നുള്ളത് ഒരവകാശമല്ല എന്നത് കൂടി അറിഞ്ഞിരിക്കേണ്ടതാണ്.
അനുവദിച്ച ജാമ്യം ചില സന്ദർഭങ്ങളിൽ റദ്ദുചെയ്യുവാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഒരു നോൺ ബെയിലബിൾ കുറ്റത്തിന് ജാമ്യം ലഭിച്ച വ്യക്തി, അതേ കുറ്റം ആവർത്തിക്കുകയും അതിന് വിചാരണ നടക്കുമ്പോൾ പ്രസ്തുത വ്യക്തി ജാമ്യം ലഭിക്കുവാൻ യോഗ്യനല്ല എന്ന് ആ വിചാരണക്കോടതി നിരീക്ഷിക്കുകയോ, ജാമ്യം അനുവദിച്ച സമയത്ത് ലഭിച്ച തെളിവിനേക്കാൾ കൂടുതൽ തെളിവുകൾ ജാമ്യം ലഭിച്ച വ്യക്തിക്കെതിരെ ലഭിക്കുകയോ, ജാമ്യം അനുവദിച്ചപ്പോൾ നൽകിയ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്താൽ നിലവിലുള്ള ജാമ്യം റദ്ദുചെയ്യാവുന്നതാണ്.
ജാമ്യത്തെ സംബന്ധിച്ചിടത്തോളം അത് നിഷേധിക്കലല്ല നൽകുക എന്നുള്ളതാണ് അംഗീകൃത തത്ത്വം. അതുകൊണ്ടാകുന്നു ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ 'ജാമ്യമാണ് അഭികാമ്യം ജയിൽ അല്ല" എന്ന് ഒരു സുപ്രധാന വിധിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.