
സിഡ്‌നി: ആസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ട്വന്റി 20 മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. ഏകദിനത്തിലെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഒടുവിൽ ബാറ്റിംഗ് നിര തിളങ്ങിയതാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റ20 പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി. ആസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ അര്‍ദ്ധ സെഞ്ചുറിയും(36 പന്തില്‍ 52 റണ്‍സ്), വിരാട് കോഹ്‌ലിയുടെയും (24 പന്തില്‍ 40 റണ്‍സ്), ഹാര്‍ദ്ദിക് പാണ്ഡ്യ (22 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 42 റണ്‍സ്)യുടെയും തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ഓസീസ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും- ശ്രേയസ് അയ്യറും(12 റണ്‍സ്) ചേര്‍ന്നാണ് ഇന്ത്യയെ വിജയതീരം കടത്തിയത്. ഡാനിയല്‍ സാംസിന്റെ പന്തില്‍ സിക്‌സ് പറത്തിയാണ് പാണ്ഡ്യ വിജയ റണ്‍ കുറിച്ചത്.
ഓസീസിന്റെ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്കായി ശിഖര്‍ ധവാന്‍- കെഎല്‍ രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് അര്‍ദ്ധസെഞ്ചുറി ഓപ്പണിംഗ് കൂട്ടുകെട്ട് ഉയര്‍ത്തി. സ്‌കോര്‍ 56 ല്‍ എത്തിനില്‍ക്കെ ആന്‍ഡ്രേൂ ടൈ ആണ് 30 റണ്‍സെടുത്ത രാഹുലിനെ മടക്കിയത്. തുടർന്ന് ആദം സാംപ ധവാനെയും മടക്കി.പിന്നീട് കോഹ്‌ലിയും സഞ്ജു സാംസണും ചേര്‍ന്നുവെങ്കിലും സഞ്ജു 15 റണ്‍സ് മാത്രം എടുത്ത് നില്‍ക്കെ സ്വപ്‌സണിന്റെ പന്തില്‍ കൂടാരം കയറി. 40 റണ്‍സെടുത്ത കോഹ്‌ലിയെ ഡാനിയല്‍ സാംസും മടക്കിയെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഓസീസ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എടുത്തു. ആരോണ്‍ ഫിഞ്ചിന് പകരം നായകസ്ഥാനം ഏറ്റെടുത്ത മാത്യൂ വെയ്ഡിന്റെ അര്‍ദ്ധ സെഞ്ചുറിയും(32 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 58 റണ്‍സ്), സ്റ്റീവന്‍ സ്മിത്തിന്റെ (38 പന്തില്‍ 46 റണ്‍സ്) ബാറ്റിംഗുമാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ഗ്ലെൻ മാക്‌സ്‌വെല്‍(13 പന്തില്‍ 22 റണ്‍സ്), ഡി ആര്‍സി ഷോര്‍ട്ട്(9 പന്തില്‍ 9 റണ്‍സ്), മോയിസസ് ഹെന്‍ക്വസ്(18 പന്തില്‍ 26 റണ്‍സ്), എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.
ഇന്ത്യയ്ക്കായി ടി നടരാജന്‍ രണ്ട് വിക്കറ്റും, ഷര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.