
 ഈ കൊവിഡ് കാലത്ത് ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയ ഒരു വിഭാഗം ഇവിടെയുണ്ട്. സ്റ്റേറ്റ് സിലബസിൽ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർ. അവർ ചെയ്യുന്ന ജോലിക്ക് ആനുപാതികമായി അവർക്ക് ശമ്പളം ലഭിക്കുന്നുണ്ടോ? അൺ എയ്ഡഡ് സ്കൂളുകൾ പ്രവർത്തിപ്പിക്കാൻ അധികാരം നൽകുമ്പോൾ അവിടെ ജോലി ചെയ്യുന്നവർക്ക് എന്ത് ലഭിക്കുന്നു എന്ന് അന്വേഷിക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം മാറി മാറി വരുന്ന ഭരണാധികാരികൾക്കില്ലേ? 5000 രൂപയിൽ താഴെയാണ് അവർക്ക് നൽകുന്ന ശമ്പളം. ക്ളാസുകൾ വാട്സാപ്പ് ഗ്രൂപ്പ് വഴിയാകണം എന്ന് ഗവൺമെന്റ് നിർദ്ദേശമുണ്ട്. എന്നാൽ ഈ പറയുന്ന സ്കൂളുകളിൽ സൂം വഴിയും മറ്റും ലൈവ് ക്ളാസ് എടുപ്പിക്കുന്നു. ആ ക്ളാസ് കുട്ടികൾക്ക് വ്യക്തമായി കിട്ടുന്നുണ്ടോ? ചില കുട്ടികൾക്ക് നെറ്റ് ഇല്ലാത്തതിന്റെ പേരിൽ ക്ളാസ് കിട്ടില്ല. ഫലത്തിൽ അദ്ധ്യാപകർ ഇരട്ടി ജോലി ചെയ്യുന്നു.
സ്കൂളുകളിലേക്ക് വിളിച്ച് വരുത്തി ഇപ്രകാരം ചെയ്യിക്കുമ്പോൾ എന്ത് സുരക്ഷയാണ് ഈ അദ്ധ്യാപകർക്ക്.
പരീക്ഷകൾ നടത്താൻ ഗവൺമെന്റ് നിർദ്ദേശമില്ല. എന്നാൽ ചില സ്കൂളുകൾ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നു. എക്സാം ഫീസ്, ലൈവ് ക്ളാസ് ഫീസ്, വാട്സാപ്പ് ക്ളാസ് ഫീസ്... അങ്ങനെ ഫീസിന് പുതിയ പുതിയ മാർഗങ്ങൾ. അദ്ധ്യാപകർക്ക് ശമ്പളവുമില്ല. ഒരു ക്ളാസിലെ ഫീസ് പിരിക്കേണ്ട ജോലിയും അദ്ധ്യാപകരുടെ മേൽ അടിച്ചേല്പിക്കുന്നു.
ഗവൺമെന്റ് തീരുമാനങ്ങൾ കാറ്റിൽ പറത്തി തോന്നിയ വിധം പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകളെ ആരാണ് നിയന്ത്രിക്കുക? നൂൽ പൊട്ടിയ പട്ടം പോലെയാണ് കേരളത്തിലെ സ്റ്റേറ്റ് സിലബസിൽ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾ.
ഒരു അദ്ധ്യാപിക, അൺ എയ്ഡഡ് സ്കൂൾ
അഭിനന്ദനം
ഇപ്പോൾ പത്രം നാൾക്കുനാൾ മെച്ചപ്പെട്ടുവരുന്നതിൽ സന്തോഷിക്കുന്നു. പൊലീസ് അതിക്രമത്തെക്കുറിച്ച് പത്രത്തിൽ വന്ന വാർത്തകൾ പാവപ്പെട്ടവരുടെ വികാരംപ്രതിഫലിപ്പിക്കുന്നതാണ്. അഭിനന്ദനങ്ങൾ. ഈ വിഷയത്തിൽ ഒരു മുഖപ്രസംഗം പ്രതീക്ഷിക്കുന്നു. പത്രത്തിന്റെ മൊത്തത്തിലുള്ള അഭിവൃദ്ധിയിൽ അഭിനന്ദനങ്ങൾ. വായനക്കാരുടെ കത്തുകൾക്ക് കൂടുതൽ സ്ഥലം അനുവദിക്കണം. ഫോട്ടോയിൽ വന്ന വ്യക്തത, ഭാഷാശൈലിയിൽ വന്ന നിലവാര വർദ്ധന എല്ലാം കൊള്ളാം
.
രവീന്ദ്രൻ, മങ്ങാട്