
നേപ്യിഡോ: മനുഷ്യരോട് മാത്രമല്ല എല്ലാ ജീവജാലങ്ങളോടും സഹാനുഭൂതി പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോദ്ധ്യപ്പെടാൻ ബുദ്ധസന്യാസിയായ വിഘാതയെക്കുറിച്ച് അറിഞ്ഞാൽ മതി.
മ്യാൻമറിലെ യാങ്കോണിലെ ബുദ്ധവിഹാരകേന്ദ്രം പാമ്പുകളുടെ അഭയസ്ഥാനം കൂടിയാണ്. അവയുടെ സംരക്ഷകനാണ് വിഘാത. പാമ്പുകളെ സംരക്ഷിച്ചില്ലെങ്കിൽ അവ കരിഞ്ചന്തയിൽ വിൽക്കപ്പെടുമെന്നും ചർമ്മത്തിനും വിഷത്തിനും മറ്റുമായി ഇവയെ കൊല്ലുമെന്നും വിഘാത പറയുന്നു.
സംരക്ഷിക്കുന്ന പാമ്പുകൾ തന്റെ മക്കളാണെന്നാണ് അറുപത്തൊമ്പതുകാരനായ വിലാത പറയുന്നത്. പാമ്പുകൾക്കാവശ്യമായ ശുശ്രൂഷ ചെയ്യുന്നതും ഇദ്ദേഹമാണ്. ശുശ്രൂഷകൾക്ക് ശേഷം പാമ്പുകളെ തുറന്നു വിടുകയാണ് പതിവ്. തുറന്നു വിട്ടതിന് ശേഷം അവ ഇഴഞ്ഞു നീങ്ങുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ടെന്നും എന്നാൽ മനുഷ്യർ വീണ്ടും അവയെ പിടികൂടുമോ എന്നുള്ള ആശങ്കയുണ്ടെന്നും വിലാത പറയുന്നു.
മനുഷ്യരുമായി നിരന്തരസമ്പർക്കത്തിൽ കഴിയുമ്പോൾ പാമ്പുകൾക്ക് മനസികസമ്മർദ്ദം ഉണ്ടാകുമെന്നും അതിനാൽ അവയെ സ്വാഭാവിക ജീവിതത്തിലേക്ക് തുറന്നുവിടുന്നതാണ് നല്ലതെന്നും വിഘാത പറഞ്ഞു.
ആളുകളിൽ നിന്ന് സംഭാവനയായി ലഭിക്കുന്ന പണമുപയോഗിച്ചാണ് പാമ്പുകൾക്കാവശ്യമുള്ള കാര്യങ്ങൾ ഒരുക്കുന്നത്.
അഞ്ച് കൊല്ലങ്ങൾക്ക് മുമ്പാരംഭിച്ച സംരക്ഷണകേന്ദ്രത്തിലേക്ക് സർക്കാർ ഏജൻസികളും നാട്ടുകാരും പിടികൂടുന്ന പാമ്പുകളെ എത്തിക്കാറുണ്ട്. വന്യജീവിക്കടത്തൽ വൻ തോതിൽ നടക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ മുൻപന്തിയിലാണ് മ്യാൻമർ. ചൈനയിലേക്കും തായ്‌ലൻഡിലേക്കുമാണ് പ്രധാനമായും വന്യജീവികളെ കടത്തുന്നത്.