
ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ. കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയാണ് ട്രംപിന്റെ തോൽവിക്ക് കാരണമെന്ന് നദ്ദ പറഞ്ഞു. എന്നാൽ കൊവിഡിനെ പ്രതിരോധിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗൺ എന്ന ധീരമായ തീരുമാനമെടുത്തു. ആരോഗ്യമേഖലയും സമ്പദ് വ്യവസ്ഥയും തമ്മിലെ തെരഞ്ഞെടുപ്പിൽ അമേരിക്കക്ക് ഇപ്പോഴും വ്യക്തതയില്ല. എന്നാൽ മനുഷ്യജീവനാണ് പ്രധാനമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും നദ്ദ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ബി.ജെ.പി ട്രംപിനെ പരസ്യമായി തള്ളിപ്പറയുന്നത്. നേരത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും ചേർന്ന് ഇന്ത്യയിലും അമേരിക്കയിലുമായി നമസ്തേ ട്രംപ്, ഹൗഡി മോദി പരിപാടികൾ നടത്തിയിരുന്നു.