ins-viratt

ന്യൂഡൽഹി: ഗുജറാത്തിലെ സ്വകാര്യകമ്പനിക്ക് കൈമാറിയ ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിരാട് പൊളിക്കുന്നത് തടയാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. നാവിക സേന ഡികമ്മിഷൻ ചെയ്ത വിരാടിനെ ഗോവ സർക്കാരിന്റെ സഹായത്തോടെ മ്യൂസിയമാക്കി മാറ്റി സംരക്ഷിക്കാൻ താത്പര്യമുള്ള എൻവിടെക് മാരിടൈം കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് പദ്ധതിക്കുള്ള അനുമതി തേടി ബോംബെ ഹൈക്കോടതിക്ക് മുമ്പാകെ നൽകിയ അപേക്ഷയിൽ എൻ.ഒ.സി നൽകാനാവില്ലെന്ന് പ്രതിരോധവകുപ്പ് അറിയിച്ചു. നാവികസേന ഡികമ്മിഷൻ ചെയ്യുന്ന കപ്പലുകൾ സ്ഥിരമായി ഏറ്റെടുത്ത് പൊളിക്കുന്ന ഗുജറാത്തിലെ ശ്രീറാം ഗ്രൂപ്പ് ഒഫ് ഇൻഡസ്ട്രീസിന് വിരാട് കൈമാറുന്നതിൽ താത്പര്യമില്ലെന്ന് കമ്പനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതായും പ്രതിരോധവകുപ്പ് വ്യക്തമാക്കി.

വിഷയത്തിൽ വരുന്ന ആഴ്ച സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കും.

വിരാടിനെ കൂടുതൽ വില നൽകുന്നവർക്ക് കൈമാറാൻ ഒരുക്കമാണെന്ന് ശ്രീറാം ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് പട്ടേൽ സെപ്തംബറിൽ ആവർത്തിച്ച് പ്രസ്താവിച്ചിരുന്നു. താനൊരു ദേശഭക്തനായതിനാൽ വില 125 കോടിയിൽ നിന്ന് 100 കോടിയാക്കിയതായും സർക്കാരിൽ നിന്ന് എൻ.ഒ.സിയുമായി വന്നാൽ വിരാട് കൈമാറാമെന്നും മുകേഷ് പട്ടേൽ പറഞ്ഞിരുന്നു. എൻ.ഒ.സി ഇല്ലാതെ നിലവിലെ ഉടമ വിരാടിനെ കൈമാറില്ലെന്നും സർക്കാർ എൻ.ഒ.സി നൽകില്ലെന്നുമുള്ളത് നിർഭാഗ്യകരമാണെന്ന് എൻവിടെക്കിന്റെ മാനേജിംഗ് പാർട്ണറായ രുപാലി ശർമ പറഞ്ഞു. കപ്പൽ പൊളിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും രൂപാലി ശർമ കൂട്ടിച്ചേർത്തു.