qatar-blockade

ദോഹ: സൗദിയുടെ നേതൃത്വത്തിൽ മൂന്നരവർഷമായി ഖത്തറിനെതിരെ നിലനിൽക്കുന്ന ഉപരോധം അവസാനത്തിലേക്ക്. ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിച്ചെന്നും ഒത്തൊരുമയുടെ അന്തിമ കരാറിലെത്താൻ മദ്ധ്യസ്ഥത വഹിച്ച കുവൈത്തിനു നന്ദി പറയുന്നതായും ഖത്തർ അറിയിച്ചു. ഈ ശ്രമങ്ങൾക്കു പിന്തുണ നൽകിയ അമേരിക്കയേയും ഖത്തർ അഭിനന്ദിച്ചു.

കുവൈത്തിനെ പ്രശംസിച്ച് ഐക്യരാഷ്ട്രസംഘടനയും രംഗത്തെത്തി. അതേസമയം, ഉപരോധം നീക്കിയെന്നും അതിർത്തികൾ തുറന്നെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി) സഹോദര രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാൻ തയാറായതിനു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് തിരികെയും നന്ദി അറിയിച്ചു. 2017 ജൂൺ 5നാണ് ഭീകരബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്. അന്നു നിറുത്തിവച്ച രാഷ്ട്രീയ, നയതന്ത്ര ബന്ധങ്ങൾ ഉടൻ പുനഃരാരംഭിക്കുമോ എന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂ. ആദ്യഘട്ടമായി യാത്രാവിലക്കാണു നീക്കുന്നതെന്നാണ് നേരത്തേയുള്ള റിപ്പോർട്ടുകൾ.