
ആസ്ട്രേലിയക്കെതിരായ ട്വന്റി - 20 പരമ്പര ഇന്ത്യയ്ക്ക്
വിജയമുറപ്പിച്ചത് അവസാന ഓവറിൽ ഹാർദ്ദിക്
പാണ്ഡ്യയുടെ ഇരട്ട സിക്സർ
നടരാജന് രണ്ട് വിക്കറ്റ്
സിഡ്നി : ഏകദിന പരമ്പര നഷ്ടത്തിന് ട്വന്റി-20 ചാമ്പ്യൻ പട്ടം തട്ടിയെടുത്ത് ആസ്ട്രേലിയക്ക് ടീം ഇന്ത്യയുടെ സ്റ്റൈലൻ തിരിച്ചടി. ആവേശക്കൊടുമുടി കയറിയ മത്സരത്തിൽ അവസാന ഓവറിൽ ഇരട്ട സിക്സുമായി ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ അവിശ്വസനീയ ജയത്തിൽ മുന്നണിപ്പോരാളിയായത്. ആദ്യ മത്സരവും ജയിച്ച ഇന്ത്യ അവസാന മത്സരത്തിന് മുമ്പ് തന്നെ മൂന്ന് മത്സരങ്ങളുൾപ്പെട്ട പരമ്പര 2-0ത്തിന് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 194/5 എന്ന കൂറ്റൻ വിജയ ലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ വച്ചത്. മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (195/4).
ഡാനിയേൽ സാംസ് എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 14 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തിൽ പാണ്ഡ്യ രണ്ട് റൺസ് നേടി. അടുത്ത പന്ത് വൈഡ് ലോംഗ് ഓണിന് മുകളിലൂടെ സിക്സ് പറത്തി പാണ്ഡ്യ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.
അടുത്ത പന്ത് ഡോട്ട് ആക്കിയെങ്കിലും നാലാം പന്ത് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ ഗാലറിയിലെത്തിച്ച് പാണ്ഡ്യ ഇന്ത്യയ്ക്ക് പരമ്പരയും ജയവും സമ്മാനിക്കുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തിലിറങ്ങി 23 പന്തിൽ നിന്ന് മൂന്ന് ഫോറും 2 സിക്സും ഉൾപ്പെടെ 42 റൺസുമായി പുറത്താകാതെ നിന്ന പാണ്ഡ്യ തന്നെയാണ് കളിയിലെ കേമൻ. അഞ്ച് പന്ത് നേരിട്ട് ഒന്ന് വീതം ഫോറും സിക്സുമായി 12 റൺസുമായി ശ്രേയസ് അയ്യർ പുറത്താകാതെ നിന്നു. 16.1 ഓവറിൽ 149/4 എന്ന നിലയിൽ തോൽവി മുന്നിൽക്കണ്ട സമയത്ത് ക്രീസിൽ ഒന്നിച്ച പാണ്ഡ്യയും അയ്യരും പിരിയാത്ത അഞ്ചാം വിക്കറ്റിൽ 20 പന്തിൽ 46 റൺസെടുത്താണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
അവസാന മൂന്ന് ഓവറിൽ 37 റൺസായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദം സാംപയെറിഞ്ഞ പതിനെട്ടാം ഓവറിൽ ശ്രേയസടിച്ച ഒന്ന് വീതം സിക്സും ഫോറുമടക്കം ഇന്ത്യയുടെ അക്കൗണ്ടിലേക്ക് എത്തിയത് 12 റൺസാണ്. ആൻഡ്രൂ ടൈ എറിഞ്ഞ അടുത്ത ഓവറിൽ പാണ്ഡ്യ നേടിയ രണ്ട് ഫോറടക്കം ഇന്ത്യൻ സ്കോർ ബോർഡിലേക്കെത്തിയത് 11 റൺസ്. തുടർന്ന് 14 റൺസ് വേണ്ട അവസാന ഓവറിൽ രണ്ട് സിക്സടിച്ച് പാണ്ഡ്യ ടീം ഇന്ത്യയുടെ പുത്തൻ ഫിനിഷറാവുകയായിരുന്നു.
നേരത്തേ ഓപ്പണർമാരായ രാഹുലും (22 പന്തിൽ 30), ശിഖർ ധവാനും ( 36 പന്തിൽ 52) അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്.
ക്യാപ്ടൻ വിരാട്കൊഹ്ലി 24 പന്തിൽ രണ്ട് വീതം സിക്സും ഫോറുമടക്കം 40 റൺസ് നേടി. മലയാളി താരം സഞ്ജു സാംസണ് ഇത്തവണയും മികച്ച തുടക്കം കിട്ടിയെങ്കിലും വലിയ സ്കോർ കണ്ടെത്താനായില്ല. റൺറേറ്റുയർത്തേണ്ട സമയത്തെത്തിയ സഞ്ജു 10 പന്തിൽ 1 വീതം ഫോറും സിക്സുമായി 15 റൺസുമായി നിർണായക സംഭാവന നൽകിയാണ് മടങ്ങിയത്. സ്വെപ്സണും ടൈയും സാംപയും ഓസീസിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ഫിഞ്ചിന്റെ അഭാവത്തിൽ ആദ്യമായി ഓസീസിന്റെ നായക സ്ഥാനം ഏറ്റെടുത്ത മാത്യു വേഡിന്റെ (32 പന്തിൽ 58) അർദ്ധ സെഞ്ച്വറിയും സ്റ്റീവൻ സ്മിത്തിന്റെ (38 പന്തിൽ 46) ബാറ്റിംഗുമാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. മാത്യു വേഡ് 10 ഫോറും 1 സിക്സും നേടി. മാക്സ്വെൽ (13 പന്തിൽ 22), ഹെൻറിക്കസ് (18 പന്തിൽ 26), സ്റ്റോയിനിസ് (പുറത്താകാതെ 16 ) എന്നിവരും തിളങ്ങി. 4 ഓവറിൽ 20 റൺസ് നൽകി 2 വിക്കറ്റ് വീഴ്ത്തിയ നടരാജന് മാത്രമേ ഇന്ത്യൻ ബൗളിംഗ് നിരയിൽ തിളങ്ങാനായുള്ളൂ. കഴിഞ്ഞ മത്സരത്തിലെ താരം ചഹൽ ഇത്തവണ 1 വിക്കറ്റ് വീഴ്ത്തിയെങ്കിലും 4 ഓവറിൽ 51 റൺസ് വിട്ടുകൊടുത്തു.