
എലുരു: ആന്ധ്രാപ്രദേശിലെ എലുരുവിൽ അജ്ഞാത രോഗം പടരുന്നു. ഓക്കാനവും ഛർദ്ദിയും മൂലം പെട്ടെന്ന് തളർന്നുവീഴുകയും വിറയൽ ഉൾപ്പെടെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്ത 228 പേരെ പശ്ചിമ ഗോദാവരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എലുരു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർക്കാണ് രോഗബാധ.
അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളോടെയാണ് കൂടുതൽ പേരും ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗികൾക്ക് പരസ്പരം ബന്ധമില്ലെന്നും ഒന്നിച്ച് ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ഇവരെ ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചു.
ആരോഗ്യനില ഭേദപ്പെട്ട 70 പേർ ആശുപത്രിവിട്ടു. അതേസമയം 76 സ്ത്രീകളും 46 കുട്ടികളും വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ ഏറെയും പ്രായമുള്ളവരും ചെറിയ കുട്ടികളുമാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി വിജയവാഡയിൽ അടിയന്തര മെഡിക്കൽ സെന്റർ പ്രവർത്തനം തുടങ്ങി. മെഡിക്കൽ വിദഗ്ദ്ധ സംഘം എലുരുവിലെ രോഗബാധിത പ്രദേശങ്ങളിലെത്തി പരിശോധന നടത്തി. രോഗികളുടെ രക്ത പരിശോധന റിപ്പോർട്ടുകളിൽ പ്രശ്നങ്ങളില്ല. അജ്ഞാത രോഗത്തിനുള്ള സാദ്ധ്യത അധികൃതർ തള്ളിക്കളയുന്നില്ല. ജലമലിനീകരണമാണോ രോഗകാരണമെന്നും സംശയിക്കുന്നു.
ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അറിയിച്ചു. രോഗികളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അല്ല നാനി പറഞ്ഞു. അടിയന്തര സാഹചര്യത്തെ നേരിടാൻ എലുരുവിൽ 150 കിടക്കകളും വിജയവാഡയിൽ 50 കിടക്കകളും സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരുടെയും ജീവന് ഭീഷണിയില്ലെന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.