
ഹൈദരാബാദ്: തനിക്ക് ദേശസ്നേഹമുണ്ടെന്ന് തെളിയിക്കാൻ ബി.ജെ.പിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും തനിക്ക് എന്നും ഇന്ത്യയോട് തന്നെയാണ് കൂറെന്നും എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസാസുദീൻ ഒവൈസി. ദേശീയ മാദ്ധ്യമമായ 'ആജ് തക്കി'ന്റെ ഒരു ചർച്ചാ പരിപാടിയിൽ ബി.ജെ.പി ദേശീയ വക്താവ് സുധാൻഷു ത്രിവേദിയോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
മുഹമ്മദലി ജിന്നയുടെ പ്രത്യയശാസ്ത്രം ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും രാജ്യം വിഭജിച്ച സമയത്ത് ഇസ്ളാം മതത്തിൽ പെട്ട നിരവധി പേർ മുസ്‌ലിം ലീഗിനും(പാകിസ്ഥാൻ) ജിന്നയ്ക്കും അനുകൂലമായി നിലകൊണ്ട ശേഷവും ഇന്ത്യയിൽ തന്നെ തുടർന്നുവെന്നും ത്രിവേദി ചർച്ചയിൽ പറഞ്ഞു. തുടർന്ന് ഒവൈസിയോട് രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ കൂറ് തെളിയിക്കാൻ പരിപാടിയുടെ അവതാരക ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.
'ഞാൻ പോയിക്കഴിഞ്ഞാലും എനിക്ക് ശേഷം വരുന്ന പത്ത് തലമുറകളോടും അവരുടെ ദേശസ്നേഹം തെളിയിക്കാൻ നിങ്ങൾ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ഇറങ്ങിപ്പോകൂ. രാജ്യസ്നേഹമുണ്ടെന്ന് തെളിയിക്കാൻ അവരുടെ(ബി.ജെ.പി) കൈയ്യിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. ആ സർട്ടിഫിക്കറ്റ് എന്റെ ഷൂസിലാകും ഞാൻ സൂക്ഷിക്കുക. എനിക്ക് ഇന്ത്യയോടാണ് കൂറ്. എന്നും അത് അങ്ങനെ തന്നെ ആയിരിക്കും.'-ഒവൈസി പറഞ്ഞു.
വിഭജന സമയത്ത് എത്ര പേരാണ് മുസ്ലിം ലീഗിന് വേണ്ടി വോട്ട് ചെയ്തതെന്നും പണവും ഭൂമിയും ഉള്ളവർക്ക് മാത്രമാണ് അക്കാലത്ത് വോട്ടവകാശം ഉണ്ടായിരുന്നതെന്നും ഒവൈസി ചർച്ചയിൽ പറഞ്ഞു. മുസ്ലീങ്ങൾക്ക് വോട്ടവകാശം ഉണ്ടായിരുന്നുവെങ്കിൽ ആരും ഒരാളും ജിന്നയെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജിന്ന പാകിസ്ഥാനിലേക്ക് ഒളിച്ചോടുകയാണ് ചെയ്തത്. ഞങ്ങൾക്ക് എന്നും ബന്ധം ഇന്ത്യയോട് തന്നെയായിരുന്നു. ഇന്ത്യയോട് എനിക്കുള്ള കൂറ് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേയെന്നും മോദി സർക്കാരിന്റെ സർക്കാർ ഉത്തര കൊറിയയിലെ കിം ജോംഗ് ഉൺ സർക്കാരിനെ പോലെയാണോ എന്നും അദ്ദേഹം ഒവൈസി ആരാഞ്ഞു. ഗ്രെയ്റ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം വിഷയമാക്കിയാണ് വാർത്താ ചാനൽ ചർച്ച സംഘടിപ്പിച്ചത്.