
 രണ്ടാഴ്‌ചയ്ക്കിടെ പെട്രോളിന് 2.52 രൂപയും ഡീസലിന് 2.97 രൂപയും കൂട്ടി
കൊച്ചി: പെട്രോൾ, ഡീസൽ വില രാജ്യവ്യാപകമായി സർവകാല റെക്കാഡ് ഉയരത്തിലേക്ക് കുതിക്കുന്നു. ന്യൂഡൽഹിയിൽ ഇന്നലെ പെട്രോൾ വില ലിറ്ററിന് 83.41 രൂപയിലും ഡീസൽ വില 73.61 രൂപയിലുമെത്തി. 2018 ഒക‌്‌ടോബറിൽ പെട്രോൾ കുറിച്ച 84 രൂപയാണ് ഡൽഹിയിലെ നിലവിലെ റെക്കാഡ്.
ഇത് ഏതാനും ദിവസത്തിനകം മറികടന്നേക്കും. രാജ്യാന്തര ക്രൂഡ് വില ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്ധനവില കൂട്ടുന്നത്. തിരുവനന്തപുരത്ത് ഇന്നലെ പെട്രോളിന് 28 പൈസ വർദ്ധിച്ച് വില 85.41 രൂപയായി. 31 പൈസ ഉയർന്ന് 79.38 രൂപയാണ് ഡീസൽ വില. നവംബർ 19ന് ശേഷം ഇതുവരെ പെട്രോളിന് 2.52 രൂപയും ഡീസലിന് 2.97 രൂപയും കൂട്ടി.
ഈ സാഹചര്യത്തിൽ, കേന്ദ്രം ഇന്ധന എക്‌സൈസ് നികുതി കുറയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ലോക്ക്ഡൗണിൽ കുത്തനെ കൂട്ടിയ നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. 2014ൽ മോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോൾ എക്‌സൈസ് നികുതി ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു. ഇപ്പോഴിത് യഥാക്രമം 32.98 രൂപയും 31.83 രൂപയുമാണ്. നിലവിലെ ഇന്ധനവിലയുടെ 70 ശതമാനത്തോളവും നികുതിയാണ്.