
ലക്‌നൗ: തീപിടിച്ച പശുത്തൊഴുത്തിൽ കുടുങ്ങിയ പശുക്കളെയും കിടാങ്ങളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ 72 കാരനായ കർഷകൻ പൊള്ളലേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ബഹ്രൈച്ചിലുള്ള രൂപൈദിയ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെയാണ് സംഭവം നടന്നത്. ഇത്വാരി ലാൽ ആര്യ എന്ന് പേരുള്ള കർഷകനാണ് പൊള്ളേലേറ്റ് മരണമടഞ്ഞത്.
ആര്യ ഉറങ്ങുന്ന സമയത്താണ് തൊഴുത്തിന് തീപിടിച്ചെന്ന് അറിഞ്ഞത്. പശുത്തൊഴുത്തിൽ നിന്ന് തീയും പുകയും പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആര്യ പശുവിനെ രക്ഷിക്കാനായി അകത്തേക്ക് കയറുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് വിപിൻ മിശ്ര പറഞ്ഞു.
രണ്ട് പശുക്കളും നിരവധി പശുക്കുട്ടികളുമാണ് ആ സമയം തൊഴുത്തിൽ ഉണ്ടായിരുന്നത്. കർഷകൻ തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ മേൽക്കൂരയുടെ ഒരു ഭാഗം അദ്ദേഹത്തിന്റെയും കന്നുകാലികളുടെയും മേൽ വീഴുകയായിരുന്നു. മരിച്ച കർഷകന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും കന്നുകാലികളെ നഷ്ടപ്പെട്ടതിന് 80,000 രൂപയും നൽകുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റായ ജയ്‌ചന്ദ്ര പാണ്ഡെ പറഞ്ഞു.