
തിരുവനന്തപുരം: കിഴക്കേക്കോട്ട രണ്ടാം പുത്തൻ തെരുവിൽ മാരകായുധങ്ങളുമായെത്തി കവർച്ച നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള അക്രമിസംഘം പിടിയിലായി. ധർമ്മപുരി മുത്തുസ്വാമി നഗർ സ്വദേശി പാർത്ഥിപൻ (28), സേലം സ്വദേശികളായ പ്രസാദ് (27), സുരേഷ് കുമാർ (37), രവിചന്ദ്രൻ (40), കാർത്തി (32), സതീഷ് കുമാർ (26) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റുചെയ്തത്. ഫോർട്ട് രണ്ടാം പുത്തൻ തെരുവിൽ ഹരിഹരന്റെ വീട്ടിലാണ് പ്രതികൾ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയത്. പ്രതികളായ പാർത്ഥിപൻ, പ്രസാദ് എന്നിവർ ഷെയർ മാർക്കറ്റിൽ മുടക്കാൻ ഹരിഹരന് നൽകിയ പണം തിരികെ ലഭിക്കുന്നതിനായി 2 ലക്ഷം രൂപയ്ക്ക് മറ്റ് പ്രതികൾക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. പ്രതികൾ മാരാകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണവും വിലകൂടിയ മൊബൈൽ ഫോണുകളും, പാസ്പോർട്ടും പിടിച്ച് പറിക്കുകയും ലക്ഷക്കണക്കിന് രൂപ കിട്ടാനുണ്ടെന്ന് കാണിച്ച് ചെക്ക് ലീഫുകളും, മുദ്രപ്പത്രങ്ങളും, ഒപ്പിട്ട് വാങ്ങിക്കുകയും ചെയ്ത ശേഷം രക്ഷപ്പെടുകയായിരുന്നു. രവിചന്ദ്രൻ ഏർപ്പെടുത്തിയ ആഡംബര എസ്.യു.വി വാഹനത്തിലെത്തിയായിരുന്നു അക്രമം. വിവരമറിഞ്ഞെത്തിയ ഫോർട്ട് പൊലീസ് പ്രതികളുടെ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്. ജെയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സജു എബ്രഹാം, സെൽവിയസ് രാജ്, ആശ വി രേഖ, സി.പി.ഒമാരായ ഗിരീഷ്, ശരത്, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.