
തിരുവനന്തപുരം: പേരൂർക്കടയിൽ മൂന്ന് ലക്ഷം രൂപ വിലയുള്ള ഇരുമ്പ് ഷീറ്റുകൾ മോഷണം നടത്തി വിറ്റയാൾ പിടിയിലായി. ചെറുവയ്ക്കൽ പോങ്ങുംമുട് അർച്ചന റസിഡന്റ്സിൽ വാടകയ്ക്ക് താമസിക്കുന്ന സുനിൽകുമാറിനെയാണ് (32) പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. കവടിയാർ വാട്ടർ അതോറിട്ടിയുടെ പണി നടക്കുന്ന വർക്ക് സൈറ്റിൽ നിന്നും കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന 3000 കിലോയോളം തൂക്കം വരുന്ന 248 ഇരുമ്പ് ഷീറ്റുകളാണ് കോൺട്രാക്ടർ എന്ന വ്യാജേന ഹിന്ദിക്കാരായ 4 യുവാക്കളെ ഉപയോഗിച്ച് പൂട്ട് പൊളിച്ച് മോഷണം നടത്തിയത്. പട്ടാപ്പകൽ മോഷ്ടിച്ചെടുത്ത ഇരുമ്പ് ഷീറ്റുകൾ മുറിഞ്ഞപാലത്തുള്ള ആക്രിക്കടയിൽ വില്പന നടത്തുകയായിരുന്നു. വിറ്റ മോഷണ വസ്തുക്കൾ ആക്രിക്കടയിൽ നിന്നും കടയുടമയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. പകൽ സമയങ്ങളിൽ പണിനടക്കുന്ന ബിൽഡിംഗുകൾ നോക്കിവച്ച ശേഷം ആളില്ലാത്ത സമയം മോഷണം നടത്തുന്നതാണ് രീതി. പ്രതിക്കെതിരെ മ്യൂസിയം, കന്റോൺമെന്റ് പൊലീസ് സ്റ്റേഷനുകളിലും മോഷണ കേസുകൾ നിലവിലുണ്ട്. പേരൂർക്കട എസ്.എച്ച്.ഒ സൈജുനാഥ്, എസ്.ഐമാരായ ജയകുമാർ, വിൽബർരാജ്, സഞ്ജു ജോസഫ്, എ.എസ്.ഐ മാരായ വിനോദ്, ബൽറാം കുമാർ, എസ്.സി.പി.ഒ അജിത്ത്, ബിനോയ്, പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.