
ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി (1-3)
മഡ്ഗാവ് : ഐ.എസ്.എല്ലിൽ പുതിയ സീസണിൽ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് നീളുന്നു. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-3ന് ഗോവയോട് തോറ്റു. ഗോവയുടെ ആദ്യ ജയമാണിത്. നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി ഗോവ അഞ്ചാം സ്ഥാനത്തെത്തി.
ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്. രണ്ടാം പകുതിയുടെ അധിക സമയത്ത് ഗോവ താരം റെബല്ലോയെ ഫൗൾ ചെയ്തതിന് കോസ്റ്റ നമോയിൻസു ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കിയത്. ഇരട്ട ഗോളുമായി പ്ലേമേക്കർ ഇഗോൾ അംഗുളോ കളം നിറഞ്ഞ മത്സരത്തിൽ ജോർഗെ ഒർട്ടിസ് മെൻഡോസ ഗോവയ്ക്കായി ഒരു ഗോൾ കൂടി നേടി. തൊണ്ണൂറാം മിനിട്ടിൽ വിസന്റെ ഗോമസാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്. പ്രതിരോധത്തിലുൾപ്പെടെ ബ്ലാസ്റ്റേഴ്സ് നിരവധി പിഴവുകൾ വരുത്തി. ഗോവയുടെ മൂന്നാം ഗോളിന് പിന്നിൽ ബ്ലാസ്റ്റേഴ്സ് ഗോളി ആൽബിനോയുടെ പിഴവായിരുന്നു.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഒഡീഷയെ കീഴടക്കി.