post-office

കൊച്ചി: തപാൽ വകുപ്പിന്റെ നിക്ഷേപ പദ്ധതികൾ എക്കാലവും സാധാരണക്കാർക്കും അനുയോജ്യവും സ്വീകാര്യതയുള്ളതുമാണ്. പോസ്‌റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീം എന്നറിയപ്പെടുന്ന പദ്ധതിയിൽ ഒമ്പതുതരം നിക്ഷേപ മാർഗങ്ങളുണ്ട്. ഹ്രസ്വ-ദീർഘകാലത്തേക്ക് സമ്പത്ത് സ്വരുക്കൂട്ടാനും അനുയോജ്യമായ വേളയിൽ തിരികെനേടി സാമ്പത്തിക ആവശ്യം നിറവേറ്റാനും സഹായിക്കുന്ന പദ്ധതികളാണിവ. നിക്ഷേപിക്കുന്ന തുകയ്ക്ക് മികച്ച റിട്ടേണും ഇവ നൽകുന്നുണ്ട്. നിക്ഷേപ പദ്ധതികളെ പരിചയപ്പെടാം:

1. പോസ്‌റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്: മിനിമം ബാലൻസ് 500 രൂപ സൂക്ഷിക്കേണ്ട അക്കൗണ്ടാണിത്. നാലു ശതമാനമാണ് വാർഷിക പലിശ.

2. ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്: ബാങ്ക് എഫ്.ഡിക്ക് സമാനമാണിത്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് എന്നിങ്ങനെ വർഷക്കാലാവധികളിൽ നിക്ഷേപിക്കാം. മൂന്നുവർഷം വരെയുള്ള കാലാവധികളിൽ 5.5 ശതമാനവും അഞ്ചുവർഷത്തിന് 6.7 ശതമാനവുമാണ് പലിശ.

3. അഞ്ചുവർഷ ആർ.ഡി: പ്രതിമാസം ചെറിയ തുകവീതം ഇതിൽ നിക്ഷേപിക്കാം. പലിശ 5.8 ശതമാനം.

4. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം: 60 വയസ് തികഞ്ഞവർക്ക് 15 ലക്ഷം രൂപവരെ നിക്ഷേപിക്കാം. ആദ്യ അഞ്ചുവർഷം നിക്ഷേപം പിൻവലിക്കാനാവില്ല. വാർഷിക പലിശ 7.4 ശതമാനം. മുതിർന്ന പൗരന്മാർക്ക് മികച്ച റിട്ടേൺ ലഭിക്കുന്ന സ്കീമാണിത്.

5. പ്രതിമാസ വരുമാന സ്‌കീം : ഒരാൾക്ക് 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടായി 9 ലക്ഷം രൂപയും പരമാവധി നിക്ഷേപിക്കാവുന്ന സ്‌കീമാണ് എം.ഐ.എസ്. പലിശ 6.6 ശതമാനം.

6. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് : അഞ്ചുവർഷക്കാലാവധിയിൽ നിക്ഷേപം നടത്താവുന്ന പദ്ധതി. പലിശ 6.8 ശതമാനം.

7. പബ്ളിക് പ്രൊവിഡന്റ് ഫണ്ട് : ജനപ്രിയ ടാക്‌സ് സേവിംഗ്‌സ് സ്‌കീമായ പി.പി.എഫിൽ 15 വർഷ മെച്യൂരിറ്റി കാലാവധിയിൽ നിക്ഷേപം നടത്താം. അഞ്ചുവർഷത്തിന് ശേഷം പണം പാതി പിൻവലിക്കാം. മിനിമം 500 രൂപ അക്കൗണ്ടിൽ ഉണ്ടാവണം. 7.1 ശതമാനമാണ് പലിശ.

8. കിസാൻ വികാസ് പത്ര : 124 മാസ മെച്യൂരിറ്റിയുള്ള നിക്ഷേപ സ്കീമാണിത്. പലിശനിരക്ക് 6.9 ശതമാനം.

9. സുകന്യ സമൃദ്ധി യോജന : കേന്ദ്രസർക്കാരിന്റെ ഏറ്റവും ജനപ്രിയമായ സ്‌കീമുകളിൽ ഒന്നാണിത്. 7.2 ശതമാനമാണ് വാർഷിക പലിശ. ഒരു കുടുംബത്തിന് പരമാവധി രണ്ട് അക്കൗണ്ടുകൾ അതായത്, രണ്ടു പെൺമക്കൾക്കായി തുറക്കാം. മകൾക്ക് 21 വയസാകുമ്പോൾ മെച്യൂരിറ്റിത്തുക തിരികെ ലഭിക്കും.