
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ചെൽസിക്കും ക്രിസ്റ്റലിനും ലെസ്റ്ററിനും ജയം. ചെൽസി 3-1ന് ലീഡ്സിനെയാണ് കീഴടക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മൂന്ന് ഗോൾ തിരിച്ചടിച്ച് ചെൽസി വിജയം സ്വന്തമാക്കിയത്. ഒലിവർ ജിറൗഡ്, കർട്ട് സൗമ, ക്രിസ്റ്റ്യൻ പുലിസിച്ച് എന്നിവരാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്. പാട്രിക്ക് ബാംഫോർഡാണ് ലീഡ്സിന്റെ ഗോൾ സ്കോറർ.
ക്രിസ്റ്റൽ പാലസ് 5-1ന് വെസ്റ്റ് ബ്രോമിനെ ഗോൾമഴയിൽ മുക്കി. വിൽഫ്രഡ് സാഹയും ക്രിസ്റ്റ്യൻ ബെന്റക്കിയും ക്രിസ്റ്റലിനായി രണ്ട് ഗോൾ നേടി.
വെസ്റ്റ് ബ്രോം താരം ഡാർനൽ ഫുർലോംഗിന്റെ വകയായി സെൽഫ് ഗോളും ക്രിസ്റ്റലിന്റെ അക്കൗണ്ടിലെത്തി. കോണോർ ഗല്ലാഘറാണ് വെസ്റ്റ് ബ്രോമിനായി ഗോൾ നേടിയത്. മത്തേയുസ് പെരേര 34 -ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ടതിനെത്തുടർന്ന് പത്ത് പേരുമായി കളിക്കേണ്ടി വന്നത് വെസ്റ്റ് ബ്രോമിന് തിരിച്ചടിയായി.
അവസാന നിമിഷം സൂപ്പർ താരം ജാമി വാർഡി നേടിയ ഗോളിൽ ലെസ്റ്റർ 2-1ന് ഷെഫീൽഡിനെയാണ് കീഴടക്കിയത്. പെരസും ലെസ്റ്ററിനായി ഗോൾ നേടി. ഒലി മക്ബൂറിനെ ഷെഫീൽഡിനായി ലക്ഷ്യം കണ്ടു.
ബാഴ്സലോണയ്ക്ക് 
തോൽവി
കാമ്പ്നൂ: സ്പാനിഷ് ലാലിഗയിൽ വമ്പൻമാരായ ബാഴ്സലോണയെ കാർഡിസ് 2-1ന് അട്ടിമറിച്ചു. നെഗ്രഡോയും ജിമെൻസുമാണ് അവരുടെ സ്കോറർമാർ. കാർഡിസ് താരം പെഡ്രോ അൽക്കാലയുടെ പിഴവിൽ നിന്ന് കിട്ടിയ സെൽഫ് ഗോളാണ് ബാഴ്സലോണയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.