covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 15,41,330 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ്.


അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി പിന്നിട്ടു. 1,67,638 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,51,53,306 ആയി ഉയർന്നു. 2,88,886 പേർ മരിച്ചു. 88 ലക്ഷം പേർ മാത്രമാണ് രോഗമുക്തി നേടിയത്.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷത്തോടടുക്കുന്നു. മരണം 1.40 ലക്ഷവും പിന്നിട്ടു. ആകെ രോഗമുക്തരുടെ എണ്ണം 91 ലക്ഷം കവിഞ്ഞു.രോഗമുക്തി നിരക്ക് 94.37 ശതമാനമായി വർദ്ധിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 4.03 ലക്ഷമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.


ബ്രസീലിൽ അറുപത്തിയാറ് ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.1,76,962 പേർ മരിച്ചു. അമ്പത്തിയേഴ് ലക്ഷത്തിലധികം പേർ സുഖംപ്രാപിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ റഷ്യയാണ് ലോകത്ത് നാലാം സ്ഥാനത്ത്. രാജ്യത്ത് ഇരുപത്തിനാല് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.