
ന്യൂഡൽഹി: കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയെ സമീപിച്ചു. രാജ്യത്ത് വാക്സിൻ വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്.
ഓക്സ്ഫഡ് വാക്സിനായ കോവിഷീൽഡിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലുകൾ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെയും സഹകരണത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്.
കോവിഷീൽഡ് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി. നാല് കോടി ഡോസ് വാക്സിന് വിതരണത്തിന് തയാറാണെന്നും അധികൃതർ അറിയിച്ചു. ഡ്രഗ്സ് കൺട്രോളർ ജനറലിന് അപേക്ഷ സമര്‍പ്പിച്ച ആദ്യ ഇന്ത്യന്‍ കമ്പനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്.
ഇന്ത്യയിൽ കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡിസംബർ നാലിന് ആഗോള മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകിയിരുന്നു. പരീക്ഷണത്തിൽ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്സിനാണ് ഫൈസറിന്റേത്.