harthal

കുണ്ടറ: സിപിഎം പ്രവർത്തകനും ഹോംസ്‌റ്റേ ഉടമയുമായ മണിലാലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. മൺറോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുക.

ഉച്ചക്ക് ഒരു മണി മുതൽ നാല് മണിവരെയാണ് ഹർത്താൽ. ഇന്നലെ രാത്രി എട്ടരയോടെ മണ്‍റോ തുരുത്ത് കനറാ ബാങ്കിന് സമീപമാണ് കൊലപാതകം നടന്നത്. മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും, പിന്നിൽ ആർഎസ്എസ് ആണെന്നുമാണ് സിപിഎമ്മിന്റെ ആരോപണം.

എന്നാൽ സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് ബിജെപി പ്രതികരിച്ചിരിക്കുന്നത്.കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണുള്ളതെന്നും, പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സംഭവത്തെ സിപിഎം രാഷ്ട്രീയവത്കരിക്കുകയാണെന്നും ബിജെപി വ്യക്തമാക്കി.

കേസിൽ പനക്കത്തറ സത്യന്‍, പട്ടംതുരുത്ത് സ്വദേശിയായ തുപ്പാശേരി അശോകന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിച്ചു വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു.