
ന്യൂയോർക്ക് : അമേരിക്കയിലെ ഉട്ടയിൽ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് വാട്ടർ സ്കീയിംഗിൽ റെക്കാഡ് സൃഷ്ടിച്ചിരിക്കുന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്. പവ്വൽ തടാകത്തിൽ വാട്ടർ സ്‌കീയിംഗ് നടത്തിയാണ് റിച്ച് ഹംഫ്റീസ് തന്റെ ആറാം മാസത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വാട്ടർ സ്‌കീയിംഗ് താരം എന്ന റെക്കാഡ് നേടിയത്. റിച്ചിന്റെ മാതാപിതാക്കളായ കെയ്സിയും മിൻഡിയുമാണ് മകന്റെ സാഹസിക പ്രവൃത്തിയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
ഒരു മെറ്റൽ ബാറിൽ മുറുകെ കെട്ടിയ നിലയിലാണ് വീഡിയോയിൽ കുഞ്ഞുള്ളത്. അവന്റെ സ്‌കീയിംഗ് ബോർഡ് ഒരു ബോട്ടിൽ ബന്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ റിച്ച് ലൈഫ് ജാക്കറ്റും അണിഞ്ഞിട്ടുണ്ട്.
തൊട്ടടുത്തുതന്നെ മറ്റൊരു ബോട്ടിൽ റിച്ചിനെ അച്ഛൻ കെയ്സി പിന്തുടരുന്നുണ്ട്. ഇടയ്ക്ക് വെള്ളത്തിലേക്ക് നോക്കുന്നുണ്ടെങ്കിലും യാതൊരു ഭയവും കൂടാതെ അവൻ അച്ഛനെ നോക്കി പുഞ്ചിരിക്കുന്നുമുണ്ട്. "ഞാനെന്റെ ആറാം മാസത്തിൽ ഒരു വാട്ടർ സ്‌കീയിംഗിനു പോയി. അത് ലോക റെക്കാഡുമായുള്ള ഒരു വലിയ ഡീലായിരുന്നു'' എന്നാണ് റിച്ചിന്റെ മാതാപിതാക്കൾ മകന്റെ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ആറു മാസവും പത്തു ദിവസവുമുള്ള അവുബൺ ആബ്ഷറിന്റെ റെക്കോഡാണ് റിച്ച് തകർത്തത്. 7.6 മില്യൺ ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. റിച്ചിന്റെ പ്രവൃത്തിയെ പലരും അഭിനന്ദിക്കുമ്പോഴും മാതാപിതാക്കൾക്കെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. കുട്ടികൾക്ക് അത്യാപത്ത് വരുത്തുന്ന ഇത്തരം വീഡിയോകൾ പ്രോത്സാഹിപ്പിക്കരുതെന്ന തരത്തിൽ നിരവധി കമന്റുകളും ചേർത്തിട്ടുണ്ട്.