
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 30 പൈസയും, ഡീസലിന് 27 പൈസയുമാണ് തിങ്കളാഴ്ച വർദ്ധിച്ചത്. സംസ്ഥാനത്ത് പലയിടത്തും പെട്രോൾ വില 85 കടന്നു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 85 രൂപ 75 പൈസയാണ് വില.
കൊച്ചിയിൽ പെട്രോളിന് 83 രൂപ 96 പൈസയും, ഡീസലിന് 78.01 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പെട്രോളിന് 27 പൈസയും, ഡീസലിന് 31 പൈസയും കൂടിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്ധനവില കൂട്ടുന്നത്.ഈ സാഹചര്യത്തിൽ കേന്ദ്രം ഇന്ധന എക്‌സൈസ് നികുതി കുറയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
2014ൽ മോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോളിന് എക്‌സൈസ് നികുതി ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു. ഇപ്പോഴിത് യഥാക്രമം 32.98 രൂപയും 31.83 രൂപയുമാണ്. നിലവിലെ ഇന്ധനവിലയുടെ 70 ശതമാനത്തോളവും നികുതിയാണ്.