
ലഖ്‌നൗ: അഞ്ച് മാസം ഹിന്ദു പെൺകുട്ടിയ്ക്കൊപ്പം താമസിച്ചശേഷം വിവാഹം രജിസ്റ്റർ ചെയ്യാൻ പോയ മുസ്ലീം യുവാവിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. റഷീദ് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ശ്രമത്തിനിടെ ബജ്‌റംഗ് ദൾ പ്രവർത്തകർ ഇവരെ ഭീഷണിപ്പെടുത്തുകയും, ഉത്തർപ്രദേശിലെ മൊറാദാബാദ് കാന്ത് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു.
നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും, അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രായപൂർത്തിയായ വ്യക്തിയാണ് താനെന്നും, തന്റെ പൂർണ്ണസമ്മതത്തോടെയാണ് യുവാവിനൊപ്പം പോയതെന്നും ബിജ്‌നൂർ സ്വദേശിനിയായ പെൺകുട്ടി പറഞ്ഞു. ഇസ്ലാം ആചാരപ്രകാരം ഇരുവരും വിവാഹിതരായതായി റിപ്പോർട്ടുകൾ ഉണ്ട്.
നവംബർ 28 ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ മതപരിവർത്തന വിരുദ്ധ നിയമത്തിന് അനുമതി നൽകിയിരുന്നു. നിർബന്ധിത മതപരിവർത്തനം തടയുന്നതിനാണ് നിയമം പാസാക്കിയത്. ഇത് 10 വർഷം വരെ തടവും, പരമാവധി 50,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.