sw

തിരുവനന്തപുരം: ഡോളർകടത്തിൽ ഉൾപ്പെട്ട വൻസ്രാവുകൾക്കെതിരെയുളള അന്വേഷണം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി അന്വേഷണ ഏജൻസികൾ. സംസ്ഥാനത്ത് പ്രമുഖ പദവി വഹിക്കുന്ന ഒരു ഉന്നത രാഷ്ട്രീയനേതാവിന് ഡോളർ കടത്തിൽ വ്യക്തമായ പങ്കുണ്ടെന്നാണ് സ്വർണക്കടത്തുകേസിലെ പ്രധാനപ്രതികളിലൊരാളായ സരിത്ത് കസ്റ്റംസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ് ഇക്കാര്യം സ്ഥിരീകരിച്ചു. ഒപ്പം നേതാവുമായി തനിക്കുളള ബന്ധവും സ്വപ്ന തുറന്നുപറഞ്ഞു. നേതാവുമായുള്ള ബന്ധത്തെക്കുറിച്ച് സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളും സാമ്പത്തിക ഇടപാട് വിവരങ്ങളും അറിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥരും ഞെട്ടിപ്പോയി. പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വി ഐ പി പരിരക്ഷയാണ് ഇദ്ദേഹത്തിന് വിമാനത്താവളത്തിൽ ലഭിച്ചിരുന്നത്. ഇത് ദുരുപയോഗം ചെയ്തുവെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

നേതാവിനെതിരെ തെളിവുകൾ ശേഖരിച്ച് ശക്തമായ അന്വേഷണത്തിനാണ് ഇഡി ഒരുങ്ങുന്നത്. ഏതു തരത്തിലുള്ള പണമാണ് കൈമാറ്റം ചെയ്തതെന്നും ആരുടെയൊക്കെ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നുളള കാര്യവും അന്വേഷിക്കും. നേതാവിന്റെ വിദേശയാത്രകൾ സംബന്ധിച്ചുളള വ്യക്തമായ വിവരങ്ങൾക്കായി പേഴ്സണൽ സ്റ്റാഫുകളെ ചോദ്യം ചെയ്യാനും നീക്കമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി നേതാവിനെയും ചോദ്യം ചെയ്യണമെന്നതിനാൽ ഇതിനുളള നിയമപ്രശ്നങ്ങൾ കൂടി പരിശോധിക്കുന്നുണ്ട്.

ഒരു വിദേശ സർവകലാശാലയുടെ ഫ്രാഞ്ചൈസി ഷാർജയിൽ തുടങ്ങാനുളള തയ്യാറെടുപ്പിലായിരുന്നു ഈ നേതാവെന്നാണ് സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. ഇതിനാണ് ഡോളറാക്കി പണം നൽകിയതെന്നും സ്വപ്ന പറഞ്ഞിരുന്നു. ബംഗളൂരുവിൽ വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന ഒരു മലയായി യു എ ഇ യിലെ തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് നേതാവിന് വേണ്ട സഹായം ചെയ്തിരുന്നു. ഈ മലയാളിയെക്കുറിച്ചുളള വിവരങ്ങളും സ്വപ്ന കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. നേതാവ് കൈമാറിയ പണം, അതിന് ഡോളർ നൽകിയ സ്ഥലം എന്നിവയടക്കമുള്ള വിശദാംശങ്ങളാണ് സരിത്ത് അന്വേഷ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.