anusree

പത്തനംതിട്ട: കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി സിനിമ താരം അനുശ്രീ. പത്തനംതിട്ട ചെന്നീർക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ യു ഡി എഫ് സ്ഥാനാർത്ഥി റിനോയ് വർഗീസിന് വേണ്ടിയാണ് അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയത്. റിനോയിയുടെ കുടുംബ സംഗമത്തിലാണ് താരം പങ്കെടുത്തത്. റിനോയ് വർഗീസുമായുളള സൗഹൃദത്തെ തുടർന്നാണ് താരം പ്രചാരണത്തിന് ഇറങ്ങിയത്.

കുടുംബസംഗമത്തിന് അനുശ്രീ എത്തിയതോടെ നാട്ടുകാരെല്ലാം താരത്തിനൊപ്പം സെൽഫിയെടുക്കാൻ ഒത്തുകൂടി. സുഹൃത്തിന് വേണ്ടി പ്രസംഗിക്കാനും അനുശ്രീ മറന്നില്ല. റിനോയ് ജയിച്ചാൽ നാടിന് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ തീർച്ചയായും ചെയ്യുമെന്ന പൂർണവിശ്വാസം തനിക്കുണ്ട്. അദ്ദേഹത്തിനൊപ്പം എല്ലാ യു ഡി എഫ് സ്ഥാനാർത്ഥികൾക്കും താൻ വിജയാശംസ നേരുന്നതായും അനുശ്രീ പറഞ്ഞു.

നേരത്തെ ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്ത താരത്തിനെ ബി ജെ പിയുമായി ബന്ധപ്പെടുത്തി പ്രചാരണങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അത് സ്വകാര്യ ഇഷ്‌ടമാണെന്നും താൻ കുട്ടിക്കാലം മുതൽ ബാലഗോകുലത്തിന്റെ പരിപാടികളിൽ പങ്കെടുത്തിരുന്നതായും അനുശ്രീ പറഞ്ഞിരുന്നു.