
തൃശൂർ: സി പി എം പ്രവർത്തകനായ മണിലാലിന്റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സമാധാനാന്തരീക്ഷം തകർക്കാനുളള സംഘപരിവാറിന്റെ ഗൂഢാലോചനയാണ് നടക്കുന്നത്. പ്രതിയ്‌ക്ക് ബി ജെ പിയിൽ അംഗത്വം നൽകിയത് സംസ്ഥാന അദ്ധ്യക്ഷൻ തന്നെയാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള അക്രമമാണിതെന്നും വിജയരാഘവൻ പറഞ്ഞു. വ്യക്തി വിരോധം കാരണമുളള കൊലപാതകമെന്നത് ബി ജെ പിയുടെ സ്ഥിരം ന്യായീകരണമാണെന്നും അദ്ദേഹം ആരോപിച്ചു.
കൊല്ലം മൺറോതുരുത്ത് സ്വദേശിയും സി പി എം പ്രവർത്തകനുമായ മണിലാലിന് ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കുത്തേറ്റത്. നാട്ടുകാരൻ തന്നെയായ അശോകൻ വാക്കുതർക്കത്തിനൊടുവിൽ മണിലാലിനെ കുത്തുകയായിരുന്നു. ഉടൻ തന്നെ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകവുമായി ബന്ധമില്ലെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് രക്തസാക്ഷിയെ സൃഷ്‌ടിക്കാനുളള ശ്രമമാണ് സി പി എം നടത്തുന്നതെന്നുമായിരുന്നു ബി ജെ പി നേതൃത്വത്തിന്റെ പ്രതികരണം. മണിലാലിനെ കുത്തിയ അശോകനും സുഹൃത്ത് സത്യനും പൊലീസ് കസ്റ്റഡിയിലാണ്.