
ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ എലൂരുവിൽ അപസ്മാരവും ബോധക്കേടും കാരണം മുന്നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ യഥാർത്ഥ കാരണങ്ങളിൽ വ്യക്തതയില്ലാതെ ആരോഗ്യ വിദഗ്ദ്ധർ. ശനിയാഴ്ച രാത്രിയോടെയാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ എലുരു ടൗണിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 45 വയസുകാരനായ വിദ്യാനഗർ സ്വദേശിയായ ശ്രീധർ ഞായറാഴ്ചയോടെ മരണമടഞ്ഞു. ഇയാളെയും അപസ്മാരവും ബോധക്ഷയവും മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളാലാണ് ശ്രീധർ മരിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തിൽ വ്യക്തത വരുത്താൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
എലുരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് ഛർദ്ദി,ബോധക്ഷയം,അപസ്മാരം, ചുഴലി എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ. ആകെ 285 പേർ പ്രവേശിപ്പിക്കപ്പെട്ടെന്നും ഇതിൽ 117 പേർ ഡിസ്ചാർജായെന്നും മുപ്പത് പേർ ഉടൻ ഡിസ്ചാർജാകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇന്ന് പുലർച്ചെ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി എലുരു ആശുപത്രി സന്ദർശിച്ചു. രോഗാവസ്ഥ ഗുരുതരമായ അഞ്ച് പേരെ വിജയവാഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലർ സ്വകാര്യ ആശുപത്രിയിലുമാണ്.
സ്ഥലത്തെ ജലസാമ്പിളുകളിൽ മലിനീകരണത്തിന്റെ ലക്ഷണമൊന്നുമില്ലെന്നും രോഗബാധിതരുടെ രക്തത്തിൽ വൈറൽ രോഗ ലക്ഷണമില്ലെന്നും ആരും കൊവിഡ് ബാധിതരല്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. കാരണം കണ്ടെത്താൻ ഇവിടെ മെഡിക്കൽ ക്യാമ്പുകൾ ഉടൻ ആരംഭിക്കും.
അതേസമയം കഴിഞ്ഞ 18 മാസമായി സ്ഥലത്ത് കുടിവെളള വിതരണം കാര്യക്ഷമമല്ലെന്നും അസുഖമുണ്ടാകാൻ കാരണം സർക്കാരാണെന്നും മുഖ്യ പ്രതിപക്ഷകക്ഷിയായ തെലുങ്ക് ദേശം പാർട്ടി ആരോപിച്ചു. സംഭവം നടന്നത് ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലാണെന്നും അവർ ആരോപിച്ചു. സംഭവസ്ഥലത്തേക്ക് എയിംസിൽ നിന്നും അഞ്ചംഗ വിദഗ്ധ സംഘത്തെ അയച്ചിരിക്കുകയാണ് കേന്ദ്രം.