sivasankar

കൊച്ചി: സ്വർണക്കടത്ത് കേസിലെ തെളിവുകൾ കസ്റ്റംസ് മുദ്രവച്ച കവറിൽ കോടതിയിൽ നൽകി. ശിവശങ്കറിനെ സംബന്ധിച്ചുളള കൂടുതൽ തെളിവുകളാണ് കസ്റ്റംസ് കോടതിയിൽ നൽകിയത്. തെളിവുകൾ മുദ്രവച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചിരുന്നു. കസ്റ്റഡി‌ കാലാവധി പൂർത്തിയാക്കിയ ശിവശങ്കറിനെ കസ്റ്റംസ് കോടതിയിൽ ഹാജരാക്കി.

ഹൈക്കോടതിയിലെ ഹൈലെവൽ ഐ ടി ടീമിനെ നിയമിച്ചതിലും ശിവശങ്കറിന് പങ്കുണ്ടെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ശിവശങ്കർ കൂടി പങ്കെടുത്ത യോഗമാണ് അഞ്ചംഗ ടീമിനെ ഇതിനായി നിയമിച്ചത്. അറുപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയായിരുന്നു ഇവരുടെ ശമ്പളം. എൻ ഐ സിക്ക് പകരം അഭിമുഖം മാത്രം നടത്തി കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനമെന്നും രേഖകൾ വ്യക്തമാക്കുന്നു.

ഈ നിയമനങ്ങൾ നടന്ന ശേഷം വിവരച്ചോർച്ച ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ്. സ്‌പേസ് പാർക്കിൽ ശിവശങ്കർ ഇടപെട്ട് സ്വപ്‌നയെ നിയമിച്ചത് വൻ വിവാദമായിരുന്നു. അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സി ജെ എം കോടതിയിൽ നൽകിയ ഹർജിയാണ് പിൻവലിച്ചത്. ഇ ഡി രജിസ്റ്റർ ചെയ്‌ത കേസിൽ നാളെ ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി.

സ്വർണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന ഒരു തെളിവും ഹാജരാക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്റെ വാദം. എന്നാൽ സ്വർണക്കടത്തിൽ മാത്രമല്ല, വിദേശത്തേക്ക് ഡോളർ കടത്തിയതിലും ശിവശങ്കറിന് പങ്കുണ്ടെന് കസ്റ്റംസ് പറയുന്നു. കേസിൽ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നും തുടരും.