
ന്യൂഡൽഹി: കെട്ടിട നിർമാതാവിനോട് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സൗത്ത് ഡൽഹി കൗൺസിലർ മനോജ് മെഹ്‌ലാവത്തിനെ സിബിഐ അറസ്റ്റ് ചെയ്തു. വീട് നിർമിക്കാൻ അനുമതിയ്ക്കായി പണം ആവശ്യപ്പെട്ടെന്നാണ് കേസ്. കൗൺസിലർ പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ സിബിഐ പരിശോധിച്ചു.
കെട്ടിട നിർമാതാവായ മെഹ്‌ലാവത് ആണ് പരാതി നൽകിയത്.അലഹബാദ് വസന്ത് പ്രദേശത്ത് വീട് നിർമിക്കാൻ അനുവദിക്കണമെങ്കിൽ പത്ത് ലക്ഷം രൂപ നൽകണമെന്ന് ഫോണിലൂടെയാണ് മനോജ് ആവശ്യപ്പെട്ടത്. സംഭാഷണം റെക്കോർഡ് ചെയ്ത മെഹ്‌ലാവത് അതുമായി സിബിഐയെ സമീപിക്കുകയായിരുന്നു.
പണം നൽകിയില്ലെങ്കിൽ ഇപ്പോൾ നടക്കുന്ന നിർമാണ പദ്ധതി പൊളിച്ചുമാറ്റുക മാത്രമല്ല ഭാവിയിൽ, ഒരു ഇഷ്ടിക പോലും ഇടാൻ അനുവദിക്കില്ലെന്നായിരുന്നു കൗൺസിലറുടെ ഭീഷണി.നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ മുഴുവൻ തുകയും ഒന്നിച്ച് നൽകണമെന്നായിരുന്നു ആവശ്യം.
കഴിഞ്ഞ ആഴ്ചയാണ് മെഹ്‌ലാവത്തിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ബിജെപി കൗൺസിലറെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.പാര്‍ട്ടി അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ പറഞ്ഞു.