
നാടുമുഴുവൻ ഓടിനടന്ന പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് കൊവിഡില്ല. മാസ്‌ക് മാറ്റി മൈക്കിനു മുന്നിൽ അവർ നടത്തിയ മുഖാമുഖം റിപ്പോർട്ട് ചെയ്യാൻ മാസ്‌കിട്ടു പോയ മാദ്ധ്യമ പ്രവർത്തകർ വരിവരിയായി കൊവിഡ് ബാധിതരാകുമ്പോൾ രാഷ്‌ട്രീയക്കാരുടെ തൊലിക്കട്ടി മുറിച്ചു കയറാൻ കൊവിഡ് വൈറസിനും പേടിയോ എന്നാണ് നാട്ടുകാരുടെ ബലമായ സംശയം.
കൊവിഡിൽ ആകെ മുങ്ങിക്കുളിച്ച തദ്ദേശതിരഞ്ഞെടുപ്പ് കാതടപ്പിക്കുന്ന പ്രചാരണകോലാഹലമില്ലാതെ അവസാനിക്കുമ്പോൾ എല്ലാ തിരഞ്ഞെടുപ്പും ഇങ്ങനെയായിരുന്നെങ്കിലെന്ന് ആശിക്കുകയാണ്. സാമൂഹ്യ അകലം പാലിക്കേണ്ടതിനാൽ ഓൺലൈൻ പ്രചാരണത്തിലേക്ക് മാറാൻ എല്ലാ പാർട്ടികളും നിർബന്ധിതരായി. ഓൺലൈൻ പ്രചാരണത്തിലൂടെ വോട്ടർമാരെ ശക്തമായി സ്വാധീനിക്കാമെന്ന് വന്നതോടെ സാമൂഹ്യമാദ്ധ്യമങ്ങളെ ശരണം പ്രാപിച്ചുള്ള ആദ്യ തിരഞ്ഞെടുപ്പ് 'ക്ലിക്ക്ഡ്' എന്നാണ് സ്ഥാനാർത്ഥികൾ മാത്രമല്ല നേതാക്കളും പറയുന്നത്.
റിബൽ സ്ഥാനാർത്ഥികൾ ഇത്ര കുറഞ്ഞ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്ന് നേതാക്കൾ പറയുന്നു. സാധാരണ സീറ്റുവിഭജനവും സ്ഥാനാർത്ഥി നിർണയവുമെന്നു കേട്ടാൽ ടെൻഷൻ കേറി ഒരു മാതിരി നേതാക്കളുടെ പ്രഷറും ഷുഗറും കൂടും. ഉമ്മൻചാണ്ടിയെപോലുള്ളവർക്ക് മാത്രം ഇത് വെരി സിമ്പിളാണ്. രണ്ട് എ വിഭാഗക്കാർ ഒരു സീറ്റിനായി ഇടിച്ചാൽ തോളിൽ കൈയ്യിട്ട് രണ്ടു പേരെയും മാറ്റി സീറ്റ് ഐ ക്കാരന് നൽകി ആരെയും പിണക്കാതെ പീലാത്തോസിനെപ്പോലെ കൈകഴുകുന്ന തന്ത്രം കുഞ്ഞൂഞ്ഞിനല്ലാതെ മറ്റാർക്കുമില്ല. റിബലായി നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന പ്രഖ്യാപനം വന്നതോടെ റിബലുകളുടെ എണ്ണത്തിൽ കുറവ് വന്നു. എന്നിട്ടും നേതൃത്വത്തെ വെല്ലുവിളിച്ച് മത്സരിക്കുന്നവരെ പുറത്താക്കുകയാണ്. രണ്ട് ഘടകകക്ഷികൾ ഒരേ സീറ്റിൽ മത്സരിക്കുന്ന സൗഹൃദമത്സരവും കുറവാണ്. സാധാരണ അപരൻമാരുടെ പട തദ്ദേശതിരഞ്ഞെടുപ്പിൽ ഉണ്ടാകാറുണ്ട് . എന്നാൽ ഇക്കുറി അപരന്മാർ തീരെയില്ല .
സംഘർഷം ഇത്രയും കുറഞ്ഞ തിരഞ്ഞെടുപ്പ് സമീപകാലത്ത് നടന്നിട്ടില്ല. സാധാരണ ചുവരെഴുത്തും പോസ്റ്റർ പതിക്കലും തുടങ്ങുമ്പോഴേ ആരംഭിക്കുന്ന സംഘർഷം പൊതുയോഗങ്ങളും കൊട്ടിക്കലാശവുമെത്തുമ്പോൾ കൂട്ടത്തല്ലിലാണ് അവസാനിക്കുക. സാമൂഹ്യ അകലം പാലിക്കേണ്ട സാഹചര്യത്തിൽ തല്ലാൻ പോയാൽ കൊവിഡ് വരുമെന്നതിനാൽ ആരും ധൈര്യപ്പെട്ടില്ല.
ഓരോ സ്ഥാനാർത്ഥിയും ചെലവഴിക്കേണ്ട തുകയുടെ പത്തിരട്ടിയാണ് സാധാരണ തിരഞ്ഞെടുപ്പിന് ചെലവാകുക. പിന്നെ കള്ളക്കണക്കുണ്ടാക്കിയാവും തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുക. ഈ തിരഞ്ഞെടുപ്പിൽ അതു വേണ്ടിവരില്ലെന്നാണ് മിക്ക സ്ഥാനാർത്ഥികളും പറയുന്നത്. അഞ്ചുപേരിൽ കൂടുതൽ വീട് കയറരുതെന്ന നിർദ്ദേശം വന്നതിനാൽ ചെലവ് വളരെ കുറഞ്ഞു. മുൻപ് ഒരു പടയാകും വീട് കയറുക. മലയാളിയെ കിട്ടിയില്ലെങ്കിൽ ബംഗാളിയെ ഒപ്പം കൂട്ടിയാലും മിനിമം 1000 രൂപ കൊടുക്കണം. വയറ് നിറച്ച് ആഹാരനീഹാരാദികൾ കൊടുക്കണം. ചുവരെഴുത്ത് നടത്തുന്നവർക്കും പോസ്റ്റർ, ഫ്ലക്സ് എന്നിവ വയ്ക്കുന്നവർക്കും കാശ് വീശണം. മൈക്ക് അനൗൺസ്മെന്റ് പല ദിവസം വേണം. വാഹനങ്ങളുടെ നീണ്ടനിര വേണം. പിന്നെ നേതാക്കൾ പങ്കെടുക്കുന്ന കോർണർ യോഗങ്ങൾക്കും പ്രകടനങ്ങൾക്കും ആളെക്കൂട്ടാൻ പണം കൊടുക്കണം. അവസാനം കലാശക്കൊട്ട് കൊഴുപ്പിക്കുന്നതിന് നന്നായി പണമിറക്കണം. ബൂത്ത് കെട്ടാൻ, ബൂത്തിൽ ആളെ ഇരുത്താൻ,സ്ലിപ്പ് വിതരണം ചെയ്യാൻ, പോളിംഗ് സ്റ്റേഷനിലും ബൂത്തിലും വോട്ട് എണ്ണുന്നിടത്തും ആളെ ഇരുത്താൻ എല്ലാം പണമൊഴുക്കണം. കൊവിഡ് വന്നതിനാൽ പ്രചാരണ കോലാഹലങ്ങളിൽ പകുതിയും ഒഴിവാക്കിയതോടെ ചെലവും കുറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കുത്തുപാളയെടുക്കേണ്ട സ്ഥിതി ഭൂരിപക്ഷം സ്ഥാനാർത്ഥികൾക്കും ഉണ്ടാകില്ല. അതുകൊണ്ട് കൊവിഡിന് നന്ദി പറയുകയാണ് അവർ.