
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സി പി എമ്മും ബി ജെ പിയും തമ്മിൽ രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തിരുവനന്തപുരം നഗരസഭയിൽ എൽ ഡി എഫും ബി ജെ പിയും തമ്മിൽ അന്തർധാര രൂപപ്പെട്ടിട്ടുണ്ടെന്നാണ് മുരളീധരൻ പറയുന്നത്.
ലാവ്‌ലിൻ കേസ് ഒഴിവാക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ ബി ജെ പിക്ക് നൽകാൻ സി പി എമ്മിൽ ധാരണയായിട്ടുണ്ട്. സി പി എം നേതാക്കൾ ഈ കാര്യം ബി ജെ പി നേതൃത്വത്തെ രഹസ്യമായി അറിയിച്ചിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. വെൽഫയർ പാർട്ടിയുമായി യു ഡി എഫിന് പലയിടത്തും നീക്കുപോക്കുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കെ പി സി സി അദ്ധ്യക്ഷനായ മുല്ലപ്പളളി രാമചന്ദ്രൻ ഇക്കാര്യം ആവർത്തിച്ച് നിഷേധിക്കുമ്പോഴാണ് മുരളീധരന്റെ വെളിപ്പെടുത്തൽ.
വെൽഫയർ പാർട്ടിയുമായുളള ബന്ധം മറച്ചു വയ്‌ക്കേണ്ട ആവശ്യമില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു ഡി എഫിനെ സഹായിച്ചവരാണ് വെൽഫയർ പാർട്ടി. മതേതര നിലപാട് സ്വീകരിച്ചവരാണ് വെൽഫയർ പാർട്ടിയെന്നും മുരളീധരൻ വ്യക്തമാക്കി.
ആർ എം പിക്ക് യു ഡി എഫുമായി പരസ്യ ധാരണയുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി വിജയം യു ഡി എഫിന് ഉറപ്പാണ്. 2010ലെ തിരഞ്ഞെടുപ്പ് വിജയം ആവർത്തിക്കും.തിരുവനന്തപുരം കോർപ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആകും കോൺഗ്രസെന്നും കെ മുരളീധരൻ പറഞ്ഞു.