
അയാൾ സാത്വികനായ ഒരു മനുഷ്യനായിരുന്നു. പതിവുള്ള സായാഹ്നസവാരിക്കിടെ ഒരു കുറ്റിക്കാട്ടിലൂടെ അദ്ദേഹത്തിന് സഞ്ചരിക്കേണ്ടിവന്നു. സായാഹ്നമാരുതനിലൂടെ ഒഴുകിവരുന്ന സുഗന്ധം ആസ്വദിച്ചുകൊണ്ട് അദ്ദേഹം നടന്നപ്പോൾ അതിദയനീയമായ ഒരു കരച്ചിൽ എവിടെ നിന്നോ കേട്ടു. അദ്ദേഹം ഒരു നിമിഷം നിന്നു ചുറ്റുപാടും ശ്രദ്ധിച്ചു. ഒരു പൂച്ചയുടെ കരച്ചിലാണ് കേൾക്കുന്നത്. തുടർന്നുള്ള നിരീക്ഷണത്തിൽ കുറ്റിക്കാട്ടിലെ മൺതിട്ടയിലുള്ള ഒരു മാളത്തിൽ നിന്നാണ് പൂച്ച കരയുന്നതെന്ന് മനസിലായി.
പൂച്ചയ്ക്ക് ആ മാളത്തിൽ നിന്നു പുറത്തുകടക്കാൻ കഴിയാത്തതുകൊണ്ടുള്ള കരച്ചിലാണ് കേട്ടത്. എലിയെ പിടിക്കാൻ മാളത്തിൽ കയറിയ മാർജാരന്റെ തല മാളത്തിനു വെളിയിലേക്ക് ഇറക്കാൻ പറ്റുന്നില്ല. നിസ്സഹായതയിൽ നിന്നുള്ള നിലവിളിയാണ് കേട്ടത്.
നമ്മുടെ സവാരിക്കാരന് പൂച്ചയുടെ അവസ്ഥകണ്ട് സങ്കടം തോന്നി. പുറത്തിറങ്ങാൻ കഴിയാതെ വന്നാൽ ആ പൂച്ച ആ മാളത്തിനുള്ളിൽ കിടന്നു ചത്തുപോവുകയേയുള്ളൂ. ഒരു ജീവൻ അങ്ങനെ നഷ്ടപ്പെടുന്നതോർത്തപ്പോൾ അയാൾക്ക് സങ്കടമായി. പഠിച്ചപണി പതിനെട്ടും പൂച്ചനോക്കുന്നുണ്ട്. പക്ഷേ, രക്ഷപ്പെടാൻ കഴിയുന്നില്ല.
പൂച്ചയെ സഹായിക്കാൻ അയാൾ തീരുമാനിച്ചു. അയാൾ മാളത്തിലേക്ക് അയാളുടെ കൈനീട്ടിക്കൊടുത്തു. പക്ഷേ അതിവേദനയോടെ അയാൾ കൈ പിൻവലിച്ചു. തന്നെ പിടിക്കാൻ വരികയാണെന്ന് തെറ്റിദ്ധരിച്ച പൂച്ച കൂർത്തനഖങ്ങൾ കൊണ്ട് അയാളുടെ കൈമാന്തിപ്പൊളിച്ചു. പക്ഷേ പൂച്ചയ്ക്ക് അറിവില്ലാത്തതുകൊണ്ടല്ലേ എന്ന് അയാൾ കരുതി. തന്നെയുമല്ല താൻ ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന് അത് കരുതിക്കാണും. അത്രയ്ക്കുള്ള ബുദ്ധിയല്ലേ ആ പാവം ജീവിക്കുള്ളൂ. അതുകൊണ്ട് പൂച്ചയെ രക്ഷിക്കാനായി അയാൾ കൈ വീണ്ടും മാളത്തിലേക്ക് കടത്തി.
വീണ്ടും പൂച്ചയുടെ കടിയും മാന്തും കിട്ടിയതുമിച്ചം. അത് പേടിച്ചരണ്ട് കൂടുതൽ ഉച്ചത്തിൽ നിലവിളിക്കാനും തുടങ്ങി. മൂന്നുനാലുതവണ പൂച്ചയുടെ കടി ഏറ്റപ്പോൾ അയാളുടെ കൈയിൽ നിന്നും ചോര ഒഴുകിത്തുടങ്ങിയിരുന്നു.
ഇതെല്ലാം കൗതുകത്തോടെ വീക്ഷിച്ചുകൊണ്ട് ഒരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. പൂച്ചയെ മാളത്തിൽ നിന്നു രക്ഷിക്കാൻ ശ്രമിച്ച് നിരന്തരമായി കടിയേറ്റു മുറിവുപറ്റിയ ആ മനുഷ്യനെ കണ്ട് ആ വഴി പോക്കന് അത്ഭുതം തോന്നി.
'' എന്റെ ദൈവമേ! നിങ്ങൾക്കെന്തുപറ്റി? ആ പൂച്ചയുടെ മാന്തും കടിയും കൊണ്ടതുമതിയായില്ലേ? അത് മാളത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടോളും!"
അപരിചിതനായ ഈ അഭ്യുദയകാംക്ഷി പറഞ്ഞത് ആ സാത്വികനായ മനുഷ്യൻ കേട്ടഭാവം നടിച്ചില്ല. അയാൾ പിന്നെയും പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച് കടി ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. അങ്ങനെ കുറേനേരം ആ കാഴ്ചകണ്ട് അസഹ്യതയോടെ വഴിപോക്കൻ പറഞ്ഞു.
''നിങ്ങൾക്ക് വട്ടാണെന്നു തോന്നുന്നു. അല്ലെങ്കിൽ ആരെങ്കിലും ഈ മണ്ടത്തരം കാണിക്കുമോ? "
ഇങ്ങനെ കുറേനേരം ശ്രമിച്ചപ്പോൾ പൂച്ചയെ അയാൾക്ക് പിടിച്ച് മാളത്തിന് പുറത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. പുറത്തെത്തിയ പൂച്ച 'കൃതജ്ഞതാ പ്രകാശന" മൊന്നും നടത്താതെ ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടു. പൂച്ചയെ രക്ഷപ്പെടുത്തിയശേഷം അയാൾ ആ വഴിപോക്കന്റെ അടുത്തേക്ക്, മുറിവേറ്റ കൈയുമായി വന്നു പറഞ്ഞു: ''പ്രിയ സുഹൃത്തേ താങ്കൾ പറഞ്ഞത് ഞാൻ കേട്ടു. പൂച്ചയുടെ ജന്മസിദ്ധമായ സ്വഭാവമാണ് മാന്തുകയും കടിക്കുകയും ചെയ്യുക എന്നുള്ളത്. അതിന് പ്രകൃത്യാലഭിക്കുന്ന പ്രത്യേകത ആണത്. അതുകൊണ്ടാണ് പരിചിതമല്ലാത്ത ഒരാളെ കാണുമ്പോൾ അതു സ്വയം രക്ഷപ്പെടാനായി ആക്രമണത്തിന് മുതിരുന്നത്. "
എന്നാൽ എന്റെ ദൗത്യവും സ്വഭാവവും സ്നേഹവും കരുതലും കൊടുക്കുക എന്നുള്ളതാണ്. ഓരോരുത്തരും അവരുടെ ജന്മഗുണമാണ് പ്രകടമാകുന്നത്. എനിക്ക് പൂച്ചയുടെ മാന്തുകിട്ടിയതിൽ സങ്കടമില്ല. എന്നാൽ അതിനെ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ഇതാണ് നിരുപാധികമായ കരുതൽ,സ്നേഹം. അനുകമ്പ. എപ്പോഴും ഏതവസരത്തിലും ദയയോടെയും കരുതലോടെയും ബഹുമാനത്തോടെയും പെരുമാറാൻ കഴിയുന്നവരാണ് ഇരുത്തംവന്ന മനുഷ്യർ. അവർ സഹായിക്കുന്നവർ തിരിച്ചുസഹായിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്തവർ.ചെയ്തുകൊടുത്ത സഹായങ്ങൾക്ക് പകരമായി ദ്രോഹവും പ്രശ്നങ്ങലും നൽകുന്നവരെപ്പോലും വെറുക്കാത്തവർ. നാം ഒരാളോടു പെരുമാറുന്നതുപോലെ അവർ തിരികെ പെരുമാറണം എന്നു വാശി പിടിച്ചിട്ട് കാര്യമില്ല. മറ്റൊരാളെ നിയന്ത്രിക്കാനോ അവരുടെ പെരുമാറ്റരീതി മാറ്റാനോ നമുക്ക് കഴിയണമെന്നില്ല. എന്നാൽ നമുക്ക് നമ്മെ നിയന്ത്രിക്കാനും നന്നായി പെരുമാറാനും കഴിയും അത്രതന്നെ! അതുകൊണ്ട് അവനവനിൽ മാത്രം മാറ്റം വരുത്താൻ ശ്രമിക്കുക.