
വ്യവസായ കുടുംബങ്ങൾക്കും കോർപ്പറേറ്റുകൾക്കും ബാങ്ക് സ്ഥാപിക്കുന്നതിൽ, അരനൂറ്റാണ്ടായി നിലനിന്നുവരുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്നും, അവർക്കും ബാങ്കിംഗ് ലൈസൻസ് അനുവദിക്കണമെന്നും റിസർവ് ബാങ്കിന്റെ ആഭ്യന്തര സമിതി ശുപാർശ ചെയ്തിരിക്കുന്നു.കേന്ദ്രബാങ്കിന്റെ കമ്മിറ്റി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വച്ചതിന് ഒരു പശ്ചാത്തലമുണ്ട്. ഏകദേശം മൂന്ന് ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യയെ നാലഞ്ചു വർഷം കൊണ്ട് അഞ്ച് ലക്ഷം കോടി ഡോളറിന്റേതായി ഉയർത്തുകയെന്ന മോദി സർക്കാരിന്റെ ലക്ഷ്യം നേടാൻ പര്യാപ്തമല്ല രാജ്യത്തെ ബാങ്കിംഗ് സൗകര്യങ്ങളുടെ ഇപ്പോഴത്തെ വ്യാപ്തി. വലിയ സാമ്പത്തിക വളർച്ചയ്ക്കുവേണ്ട മൂലധനം നൽകാൻ പാകത്തിൽ, സാധാരണക്കാർ അടക്കമുള്ളവരുടെ, സമ്പാദ്യങ്ങൾ സ്വരൂപിക്കാനും അവ നിക്ഷേപകർക്ക് എത്തിക്കാനുമായി ബാങ്കുകളുടെ സാന്നിധ്യം ഇനിയുമേറെ വർദ്ധിപ്പിക്കേണ്ടതുണ്ട്. 
എന്നാൽ, ഇത്തരം ധനസൗധങ്ങൾ പടുത്തുയർത്തുക എന്നത് ചെറിയ കാര്യമല്ല; ശതകോടിക്കണക്കിലുള്ള രൂപയുടെ മുതൽമുടക്കും, മേൽനോട്ട പാടവവും അനിവാര്യമാകുന്ന ദൗത്യമാണിത്. സ്വന്തം ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കാനുള്ള ധനസ്ഥിതിയിലല്ല സർക്കാർ. കഴിഞ്ഞ പത്തു പന്ത്രണ്ട് വർഷത്തിനുള്ളിൽ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടങ്ങൾക്ക് പകരമായുള്ള മൂലധനത്താങ്ങായി ഗവൺമെന്റ് നൽകേണ്ടി വന്നത് 7.5 ലക്ഷംകോടി രൂപയാണ്. സമ്മർദ്ദങ്ങൾക്ക് നടുവിൽ, മൂന്ന് പൊതു ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള ശ്രമവും സർക്കാർ നടത്തുന്നു. ഈ ചുറ്റുപാടിൽ അവശേഷിക്കുന്ന മാർഗം കൂടുതൽ സ്വകാര്യ ബാങ്കുകളുടെ നിർമ്മിതിയാകുന്നു. പക്ഷേ 22 സ്വകാര്യ ബാങ്കുകൾ ഇപ്പോൾത്തന്നെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയിൽ രാജ്യത്തെ വലിയ സാന്നിധ്യയമായിത്തീരാൻ കഴിഞ്ഞിട്ടുള്ളത് മൂന്നു ബാങ്കുകൾക്കു മാത്രമാണ്. ഈ സാഹചര്യത്തിലാണ്, ഇന്നേവരെ ബാങ്കിംഗ് രംഗത്തുനിന്ന് ഒഴിവാക്കപ്പെട്ടവരും, എന്നാൽ വമ്പൻ മുതൽ മുടക്കിനുള്ള ശേഷിയും ബിസിനസ് പ്രാഗത്ഭ്യവുമുള്ള വ്യവസായ കുടുംബങ്ങളുടെയും കോർപ്പറേറ്റുകളുടെയും ആഭിമുഖ്യത്തിൽ പുതിയ സ്വകാര്യബാങ്കുകൾ ആരംഭിക്കാമെന്ന ഉപദേശം റിസർവ് ബാങ്കിന്റെ സമിതി നൽകിയിരിക്കുന്നത്.
മുകളിൽ പറഞ്ഞ കാര്യങ്ങളിൽ സത്യമുണ്ടെങ്കിലും കോർപറേറ്റുകൾക്ക് ബാങ്ക് ലൈസൻസ് അനുവദിക്കുന്നതിൽ പതിയിരിക്കുന്ന അപകടസാദ്ധ്യതകളെയും ശ്രദ്ധിക്കേണ്ടതുണ്ട്. കോർപ്പറേറ്റുകളുടെ ഏറ്റവും വലിയ താത്പര്യം അവരുടെ നിലവിലുള്ള സംരംഭങ്ങളുടെ അഭിവൃദ്ധി തന്നെയാണ്. ഈ ലക്ഷ്യം നേടാനുള്ള ഒരു ഉപകരണമായി സ്വന്തം ബാങ്കിനെ ഉപയോഗിക്കാനുള്ള സാദ്ധ്യതയേറെയാണ്. എന്നാൽ ഒരു ബാങ്കെന്ന നിലയിൽ അതിന്റെ മുഖ്യതാത്പര്യമെന്നത് നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയെന്നതാണ്. താത്പര്യങ്ങൾ തമ്മിലുള്ള ഈ വൈരുദ്ധ്യം മോശം പ്രവണതകൾക്ക് വഴിതെളിക്കാവുന്നതാണ്. 
ബാങ്കുകളും കോർപ്പറേറ്റുകളും തമ്മിൽ മുൻപ് തന്നെ വന്നു ഭവിച്ചിട്ടുള്ള അസ്വാരസ്യങ്ങൾ ഈ ധാരണയ്ക്ക് ബലമേകുന്നു. താരതമ്യേന കുറഞ്ഞ നിരക്കിൽ ബാങ്കുകളിൽനിന്നും വൻതുകകൾ തരപ്പെടുത്തിയ കോർപ്പറേറ്റുകളിൽ കുറെപ്പേരെങ്കിലും അവ തിരിച്ചടയ്ക്കാതെ ഈ ബാങ്കുകളെ ചീത്തക്കടങ്ങളുടെ (Badloans) ഇടങ്ങളാക്കി തീർത്തിട്ടുണ്ട്. ഇക്കൂട്ടരിൽ പരക്കെ അറിയപ്പെടുന്ന നാമമാണ് വിജയ് മല്യയുടേത്. സ്റ്റേറ്റ് ബാങ്കടക്കം 17 ബാങ്കുകളിൽനിന്ന് 9000 കോടി രൂപ കടം കൊണ്ട ഈ കോർപ്പറേറ്റ് അധിപതി തിരിച്ചടവിനൊന്നും മെനക്കെടാതെ രാജ്യം വിട്ട് ലണ്ടനിലെത്തുകയും അവിടെ നായാടിയും നീരാടിയും വസിക്കുന്ന കാര്യം പ്രസിദ്ധമാണ്. മല്യയേക്കാൾ വായ്പകൾ വാങ്ങിയ ശേഷം വീഴ്ചവരുത്തിയ ചില വമ്പൻ സ്രാവുകൾ വീണ്ടും വായ്പകൾ തരപ്പെടുത്തിക്കൊണ്ട് ഇവിടെ വാഴുന്നുമുണ്ട്.
അതായത് ബാങ്കുകളുടെ ഉടമകളല്ലാതിരുന്ന സമയത്ത് പോലും ഈ സ്ഥാപനങ്ങളെ കഷ്ടത്തിലാക്കിയ കോർപ്പറേറ്റുകൾ, അവയുടെ നടത്തിപ്പുകാർ കൂടിയാകുമ്പോളുള്ള അവസ്ഥയെ കുറിച്ച് ആശങ്കയുണ്ടാകുന്നത് സ്വാഭാവികം. ഇനിയിപ്പോൾ കോർപ്പറേറ്റുകളുടെ ബാങ്കുകളും അവരുടെ തന്നെ മറ്റു സംരംഭങ്ങളും തമ്മിൽ വേലികെട്ടി അടയ്ക്കാൻ റിസർവ് ബാങ്ക്  തയ്യാറായാലും അവയൊക്കെ മറികടക്കാനുള്ള സൂത്രപ്പണികൾ അറിയുന്നവരാണിവർ. കോർപ്പറേറ്റുകളുടെ ബാങ്കിംഗ് ഇതര സംരംഭങ്ങൾക്ക് സാമഗ്രികൾ വിതരണം ചെയ്യുന്നവർക്കും, തങ്ങളുടെ ഉത്പന്നങ്ങളുടെ വൻ ഉപഭോക്താക്കൾക്കും അവരുടെ സ്ഥാപനങ്ങൾക്കും, സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാർക്കും, തങ്ങളുടെ ബാങ്കിലൂടെ വലിയ വായ്പകൾ നൽകാനും കോർപ്പറേറ്റുകൾക്ക് കഴിയും . ഇപ്രകാരമുള്ള വഴിമാറ്റങ്ങളും മറ്റ് ലംഘനങ്ങളും യഥാസമയം കണ്ടെത്താനും നിയന്ത്രിക്കാനും കേന്ദ്രബാങ്കിന് കഴിഞ്ഞെന്നു വരികയില്ല.
അഞ്ചുലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്റി നൽകുന്നുണ്ട് . ഈ പരിരക്ഷ കോർപ്പറേറ്റ് ബാങ്കുകൾ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും നിലനിൽക്കുന്നു. ചുരുക്കത്തിൽ, ബാങ്കിംഗ് സൗകര്യങ്ങളുടെ കുറവ് നികത്താനായി കൊണ്ടുവരുന്ന കോർപ്പറേറ്റ് ബാങ്കുകളെന്ന ഉപായത്തിലെ അപായങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കണം ടാറ്റയും അംബാനിയും അദാനിയും മറ്റും ബാങ്ക് തുറക്കുന്നത് സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം എടുക്കേണ്ടത്.