
ന്യൂഡൽഹി: ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ്.ഡി.ഐ) കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ ഒഴുകിയത് 50,012 കോടി ഡോളർ (ഏകദേശം 37 ലക്ഷം കോടി രൂപ). കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പാണ് 2000 ഏപ്രിൽ മുതൽ 2020 സെപ്തംബർ വരെയുള്ള നിക്ഷേപക്കണക്ക് പുറത്തുവിട്ടത്.
വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ വലിയ പ്രതീക്ഷകളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ നേട്ടമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. ലോകത്ത് എഫ്.ഡി.ഐ ആകർഷിക്കുന്നതിൽ ഇന്ത്യ മുൻപന്തിയിലുണ്ടെന്നും ഇത് വ്യക്തമാക്കുന്നതായി സർക്കാർ ചൂണ്ടിക്കാട്ടുന്നു.
2015-16 മുതലാണ് എഫ്.ഡി.ഐയിൽ വലിയ വളർച്ച ഇന്ത്യ കുറിച്ചത്. ആ വർഷം എത്തിയത് 4,000 കോടി ഡോളറാണ്. 2014-15നേക്കാൾ 35 ശതമാനമാണ് വർദ്ധന. 2016-17ൽ 4,350 കോടി ഡോളറും 2017-18ൽ 4,485 കോടി ഡോളറും 2018-19ൽ 4,437 കോടി ഡോളറും ലഭിച്ചു. 5,000 കോടി ഡോളറാണ് കഴിഞ്ഞവർഷമെത്തിയത്.
ഇന്ത്യയിലെ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ആൻഡ് ഹാർഡ്വെയർ, സേവനം, ടെലികോം, വ്യാപാരം, നിർമ്മാണം, ഓട്ടോമൊബൈൽ, ഫാർമ, കെമിക്കൽ എന്നിവയോടാണ് വിദേശ നിക്ഷേപകർക്ക് ഇഷ്ടം കൂടുതൽ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒട്ടേറെ മേഖലകളിൽ ഇന്ത്യ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നൽകിയിരുന്നു.
നിക്ഷേപത്തിരയായി മൗറീഷ്യസ്
ദ്വീപ് രാഷ്ട്രമായ മൗറീഷ്യസാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇന്ത്യയിലെത്തിയ എഫ്.ഡി.ഐയിൽ 29 ശതമാനം സംഭാവന ചെയ്തത്. കണക്ക് ഇങ്ങനെ: മൗറീഷ്യസ് : 29%,സിംഗപ്പൂർ : 21% ,അമേരിക്ക :7%,ജപ്പാൻ : 7%, നെതർലൻഡ്സ് : 7%,ബ്രിട്ടൻ : 6%. ജർമ്മനി, സൈപ്രസ്,
ഫ്രാൻസ്, കേമാൻ ഐലൻഡ്സ് എന്നിവയും ഇന്ത്യയിൽ പണമൊഴുക്കുന്നുണ്ട്.