exam-hall

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് നിലവിലെ പാഠഭാഗങ്ങളിൽ 20 ശതമാനമെങ്കിലും വെട്ടിക്കുറച്ചേക്കും.നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്

ഈ പരീക്ഷകൾ ഏപ്രിൽ 15ന് പൂർത്തിയാക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നു.

സി.ബി.എസ്.ഇ സിലബസിൽ 30 ശതമാനം കഴിഞ്ഞ സെപ്തംബറിൽ തന്നെ കുറച്ചിരുന്നു
വാർഷിക പരീക്ഷകൾക്ക് മുമ്പ് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്.കൊവിഡ് വ്യാപനം രൂക്ഷമാവുകയും സ്കൂൾ തുറക്കൽ അനിശ്ചിതത്വത്തിലാവുകയും ചെയ്തതോടെ, കണക്കുകൂട്ടലുകൾ തെറ്റി.ഓൺലൈൻ ക്ലാസുകളിലൂടെ പൂർത്തിയാക്കാനായത് പാഠഭാഗങ്ങളിൽ പകുതിയോളം മാത്രം.

ജനുവരി 31നകം പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് പത്ത്,പ്ലസ് ടു ക്ലാസുകാർക്ക് ഇന്നലെ മുതൽ പ്രതിദിന ഓൺലൈൻ ക്ലാസുകളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തിയത്.എന്നാൽ, ലക്ഷ്യം നേടാനാവുമെന്ന് അദ്ധ്യാപകർക്കുപോലും ഉറപ്പില്ല.

ഞായറാഴ്ചകളിൽ ഉൾപ്പെടെ മണിക്കൂറുകൾ നീണ്ട ഓൺലൈൻ ക്ലാസുകൾ കുട്ടികളെ മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടിക്കുമെന്ന ആശങ്ക രക്ഷിതാക്കളും ഉയർത്തുന്നു.ഈ പശ്ചാത്തലത്തിലാണ് സിലബസിലെ പരമാവധി പാഠങ്ങൾ പഠിപ്പിക്കാനും പരീക്ഷയിൽ കുറഞ്ഞത് 20 ശതമാനം പാഠങ്ങൾ ഒഴിവാക്കി കുട്ടികളുടെ അമിത സമ്മർദ്ദം കുറയ്ക്കാനുമുള്ള നീക്കം. ഒഴിവാക്കുന്ന പാഠഭാഗങ്ങൾ മുൻകൂട്ടി അറിയിക്കും.

സ്കൂളുകൾ ജനുവരി മുതൽ ഭാഗികമായി തുറന്നേക്കാം

പത്ത്,പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്ക് പ്രാക്ടിക്കൽ ക്ളാസുകൾ ഉൾപ്പെടെ വാർഷിക പരീക്ഷകൾക്ക്

തയ്യാറെടുപ്പിനായി സ്കൂളുകൾ ജനുവരി മുതൽ ഭാഗികമായി തുറക്കാൻ

ആലോചിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്താവും തീരുമാനം.

ഈ മാസം 17 മുതൽ എല്ലാ അദ്ധ്യാപകരും സ്കൂളുകളിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.ഓരോ ക്ലാസിലെയും കുട്ടികൾ ഒരു സമയം പരമാവധി 20 പേർ വീതം ബാച്ചുകളായി സ്കൂളിലെത്താനാവും നിർദ്ദേശം.കൊവിഡ് സ്ഥിതി മെച്ചപ്പെട്ടാൽ 9,11 ക്ളാസുകൾക്കും ഇതേർപ്പെടുത്തും.ഒന്ന് മുതൽ എട്ട്

വരെ ക്ലാസുകാർക്ക് ഓൺലൈൻ പഠനത്തിനൊപ്പം ഓൺലൈൻ പരീക്ഷയും നടത്താനാണ് സാദ്ധ്യത.