
ചാർജ് ചെയ്ത് കുറഞ്ഞ സമയത്തിനുള്ളിൽ ഫോണിന്റെ ബാറ്ററി തീരുന്നുവെന്ന് മിക്ക ആളുകളും പരാതി പറയാറുണ്ട്. ഇപ്പോഴിതാ ഐഫോണിന്റെ ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്തതിന് ശേഷം ചാർജ് പെട്ടെന്ന് തീരുന്നുവെന്ന് ചില ഉപഭോക്താക്കൾ പരാതിപ്പെടുന്നതായി റിപ്പോർട്ട്.
ഐഒഎസ് 14.2 ഐഫോണുകളുടെ ചാർജ് മുമ്പത്തേതിനേക്കാൾ വേഗത്തിൽ തീരുന്നുവെന്നാണത്രേ ചിലരുടെ പരാതി. 30 മിനിറ്റ് ഫോൺ ഉപയോഗിക്കുമ്പോൾ പകുതി ചാർജ് തീരുന്നുവെന്നും ചില ഉപഭോക്താക്കൾ പരാതി പറയുന്നു.
IOS 14.2 അപ്‌ഡേറ്റിന് ശേഷം iPhone SE (2020) ഉപയോക്താക്കളിൽ ഒരാൾ പറഞ്ഞത് ഇങ്ങനെ 'എന്റെ SE 2020 14 ന്റെ ഓരോ പതിപ്പിലും ബാറ്ററി സമയം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആദ്യം ഞാൻ ഉറങ്ങാൻ കിടക്കുന്ന എട്ട് മണിക്കൂർ സമയത്ത് 1-2% ചാർജ് മാത്രമേ നഷ്ടപ്പെട്ടിരുന്നുള്ളു. എന്നാൽ കഴിഞ്ഞ രണ്ട് ആഴ്ചയായി ഇത് 5-6 മണിക്കൂറിനുള്ളിൽ 5% നഷ്ടപ്പെടുന്നു. ഇപ്പോൾ ചാർജ് ചെയ്യാൻ പോകുമ്പോൾ ചില സമയങ്ങളിൽ ഫോൺ പെട്ടെന്ന് ചൂടാകുന്നു.'
ചില ഐഫോണുകൾ റീസ്റ്റാർട്ട് ചെയ്യുമ്പോൾ ബാറ്ററി ശതമാനം കൂടുന്നതായി കാണിക്കുന്നുവെന്നും, ഇത് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഐഫോൺ എക്‌സ്എസ്, ഐഫോൺ 7, ഐഫോൺ 6 എസ്, ഫസ്റ്റ്‌ജെൻ ഐഫോൺ എസ്ഇ എന്നിവയാണ് ഈ പ്രശ്‌നം നേരിടുന്ന ചില ഹാൻഡ്‌സെറ്റുകൾ.
അതേസമയം ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്ന രീതിയിലുള്ള അപ്‌ഡേറ്റുകൾ ആപ്പിൾ സാധാരണയായി വേഗത്തിൽ കൊണ്ടുവരാറുണ്ട്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടേക്കാം. നിങ്ങൾ iOS 14.2 ലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ, കുറച്ച് സമയം കാത്തിരിക്കാണമെന്നാണ് വിദഗ്ദ്ധർ നൽകുന്ന നിർദേശം.