fakhrisadeh-iran

ടെഹ്‌റാൻ: ഇറാനിലെ പരമോന്നതനായ ആണവ ശാസ്‌ത്രജ്ഞൻ മൊഹ്സീൻ ഫക്രിസാദെയുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയത് ഉപഗ്രഹ നിയന്ത്രിത യന്ത്രത്തോക്ക് ഉപയോഗിച്ചെന്ന് റിപ്പോർട്ട്. ഇറാനിലെ മെഹ്ർ ന്യൂസിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് വന്നത്.

കഴിഞ്ഞ 27നാണ് തലസ്ഥാനമായ ടെഹ്‌റാന് കിഴക്ക് ദേശീയപാതയിൽ വച്ച് ഫക്രിസാദെ കൊല്ലപ്പെട്ടത്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയുധം ഫക്രിസാദെയിൽ തന്നെ സൂംചെയ്‌ത് വെടിയുതിർക്കുകയായിരുന്നു. ഇറാനിലെ ഇസ്ളാമിക സേനയുടെ ഡെപ്യൂട്ടി കമാന്റർ അലി ഫദാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സുരക്ഷാ സൈനികർ വെടി വച്ചതാണ് ഫക്രിസാദെയുടെ മരണത്തിനിടയാക്കിയതെന്നും അതല്ല റിമോട്ട് കൺട്രോൾ ഉപയോഗിച്ചുള‌ള ആക്രമണമാണ് നടന്നതെന്നും വിവിധ റിപ്പോർ‌ട്ടുകൾ മുൻപ് രാജ്യത്തുണ്ടായിട്ടുണ്ട്.

പതിമൂന്ന് വെടിയുണ്ടകൾ ഫക്രിസാദെയ്‌ക്ക് ഏ‌റ്റെങ്കിലും തൊട്ടടുത്തുണ്ടായിരുന്ന ഭാര്യയ്‌ക്കോ അദ്ദേഹത്തിന്റെ സുരക്ഷാ ഭടന്മാർക്കോ പരിക്കേൽക്കാത്തത് ആക്രമണം കൃത്യമായി ആസൂത്രണം ചെയ്‌തതിന്റെ തെളിവാണെന്ന് അലി ഫദാവി പറഞ്ഞു. ഇറാനിലെ പരമോന്നത പദവിയിലിരിക്കെ ഈ വർഷം കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് മൊഹ്സീൻ ഫക്രിസാദെ. കഴിഞ്ഞ ജനുവരിയിൽ ട്രംപിന്റെ ഉത്തരവിൽ ഇറാനിലെ സൈനിക നേതാവ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഫക്രിസാദെയുടെ മരണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്നാണ് ഇറാൻ ആരോപിക്കുന്നത്. ഇതിനെതിരെ ഇസ്രയേൽ മറുപടിയൊന്നും നൽകിയിട്ടില്ല. മുൻപ് 2018ൽ ഇസ്രയേലിലെ ഒരു ഉന്നത തല യോഗത്തിൽ ഫക്രിസാദെയുടെ പേര് ഓർത്തുവയ്‌ക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. 2010ന് ശേഷം ഇറാനിൽ കൊല്ലപ്പെടുന്ന അഞ്ചാമത് ആണവശാസ്‌ത്രജ്ഞനാണ് ഫക്രിസാദെ.