
തിരുവനന്തപുരം : ക്രിസ്‌തുമസിന് മുന്നോടിയായി പുറത്തിറങ്ങിയ 'സ്നേഹച്ചെരാത്' എന്ന ഭക്തി ഗാനം ജനപ്രീതി നേടുന്നു. പതിന്നാലുകാരനായ അക്ഷയ് കടവിൽ എഴുതിയ ഗാനം റിയാലിറ്റി ഷോകളിലൂടെ പ്രശസ്‌തയായ പതിനഞ്ചുകാരി ശ്രയ ജയദീപാണ് ആലപിച്ചിരിക്കുന്നത്. അക്ഷയ് കടവിൽ ഇതിനോടകം മൂന്നോളം കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ എം പിയാണ് സംഗീതം നൽകിയിരിക്കുന്നത്.
'ഉണരാൻ കഴിയില്ല എന്നോർത്ത നാളിലും..' എന്ന് തുടങ്ങുന്ന ഗാനത്തിന് അതിമനോഹരമായ സംഗീതമാണ് ഹൈലൈറ്റ്. വളരെ കുറച്ച് ഓർക്കസ്‌ട്രേഷൻ മാത്രം നടത്തി അക്ഷയുടെ വരികളുടെ സൗന്ദര്യം ശ്രോതാക്കളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചിട്ടുളളതെന്ന് സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ പറഞ്ഞു.
സ്റ്റീഫനാണ് ഗാനം നിർമിച്ചിരിക്കുന്നത്. ദിവകൃഷ്‌ണ വി ജെയാണ് ക്രീയേറ്റിവ് ഹെഡ്. കഴിഞ്ഞ ദിവസം 'പി ഫാക്‌ടർ ' ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം വളരെ ചുരുങ്ങിയ സമയത്തിനുളളിൽ സോഷ്യൽ മീഡിയയിൽ കൈയടി നേടി കഴിഞ്ഞു.