
 മറഡോണയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നു
 മറഡോണയുടെ പൂർണകായ സ്വർണശില്പം പ്രധാന ആകർഷണം
കൊച്ചി: ഫുട്‌ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാൻ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് ഡോ. ബോബി ചെമ്മണൂർ ഒരുങ്ങുന്നു. മറഡോണയ്ക്ക് ശ്രദ്ധാഞ്ജലിയുമായി ലോകോത്തരമായ മ്യൂസിയമാണ് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും കായികതാരവും കൂടിയായ ബോബി ചെമ്മണൂർ യാഥാർത്ഥ്യമാക്കുന്നത്.
കൊൽക്കത്തയിലോ തൃശൂരിലോ ആയിരിക്കും മ്യൂസിയം. ഒരുവർഷത്തിനകം മ്യൂസിയം പൂർത്തിയാക്കുമെന്ന് ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ബോബി ചെമ്മണൂർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്വർണത്തിൽ തീർത്ത മറഡോണയുടെ പൂർണകായ ശില്‌പമായിരിക്കും പ്രധാന ആകർഷണം. തന്റെ പ്രശസ്‌തമായ 'ദൈവത്തിന്റെ ഗോൾ" പ്രതീകമാക്കി സ്വർണ ശില്പം വേണമെന്ന ആഗ്രഹം ബോബിയോട് മറഡോണ പറഞ്ഞിരുന്നു. 2011ൽ ദുബായിൽ ബോബി ചെമ്മണൂർ ജുവലറി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ആയിരുന്നു അത്.
അന്ന്, മറഡോണയ്ക്ക് സ്വർണത്തിൽ തീർത്ത ചെറു ശില്പമാണ് ബോബി സമ്മാനിച്ചത്. മറഡോണയുടെ പൊക്കത്തിനൊത്ത (അഞ്ചര അടി) ശില്പമാണ് മ്യൂസിയത്തിനായി നിർമ്മിക്കുക.
ടൂറിസം കൂടി ലക്ഷ്യമിട്ട്, ലോക ശ്രദ്ധ നേടുന്നവിധമാകും മ്യൂസിയം. മറഡോണയെ കുറിച്ച് അറിയേണ്ടതെല്ലാം മ്യൂസിയത്തിലുണ്ടാകും. ആർട്ട് ഗാലറി, മറഡോണയ്ക്കൊപ്പം ഫുട്ബാൾ കളിക്കാവുന്ന വിർച്വൽ റിയാലിറ്റി തുടങ്ങിയ ആകർഷണങ്ങളുമുണ്ടാകും.
മ്യൂസിയത്തിന്റെ നിർമ്മാണച്ചെലവ് കണക്കാക്കിയിട്ടില്ല. തൃശൂരിലാണ് നിർമ്മാനുദ്ദേശിക്കുന്നത് എങ്കിൽ, മണ്ണുത്തിയിൽ തനിക്ക് 62 ഏക്കറുണ്ട്. അവിടെ ഫുട്ബാൾ അക്കാഡമി, സ്‌റ്റേഡിയം തുടങ്ങിയവയും ഒരുക്കും. മറഡോണ സമ്മാനിച്ച സമ്മാനങ്ങളും മ്യൂസിയത്തിൽ വയ്ക്കും. കരയിലും വെള്ളത്തിലും ഓടുന്ന പ്രത്യേക ടാങ്ക് മറഡോണയ്ക്കുണ്ട്. അത് കിട്ടുമോയെന്ന് നോക്കുന്നുണ്ട്.
കേരളത്തിലെയും ഇറ്റലിയിലെയും കലാകാരന്മാരെ ഉൾപ്പെടുത്തി, അത്യാകർഷകവും ഉന്നത സാങ്കേതികവിദ്യയോടെയുമാണ് മ്യൂസിയം നിർമ്മിക്കുക. അന്താരാഷ്‌ട്ര നിലവാരത്തിൽ വിനോദ-വിജ്ഞാനോപാധികളുമുണ്ടാകും. നിർമ്മാണത്തിന് മുന്നോടിയായി താൻ അർജന്റീന സന്ദർശിക്കും. മറഡോണയുടെ കുടുംബാംഗങ്ങളെയും ക്ളബ്ബുകളെയും കാണും. മ്യൂസിയം ഉദ്ഘാടനത്തിന് അദ്ദേഹത്തിന്റെ കുടുംബവുമെത്തും. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്‌റ്റിയും കലാകാരനും എഴുത്തുകാരനുമായ ബോണി തോമസാണ് മ്യൂസിയത്തിന്റെ ക്യുറേറ്റർ.
കേരളത്തിന്റെ
മറഡോണ
എട്ടുവർഷം മുമ്പ് ബോബി ചെമ്മണൂർ ജുവലേഴ്‌സിന്റെ കണ്ണൂരിലെ ഷോറൂം ഉദ്ഘാടനത്തിന് മറഡോണ വന്നിരുന്നു. അന്ന്, ഏവരോടും അടുത്തിടപഴകിയ അദ്ദേഹം കേരളത്തെ ഇളക്കിമറിച്ചു. 2018ലാണ് അദ്ദേഹം ബോബി ചെമ്മണൂർ ജുവലറിയുടെ ബ്രാൻഡ് അംബാസഡർ പട്ടം ചൂടിയത്. തുടർന്ന്, ബോബി ആൻഡ് മറഡോണ ചെമ്മണൂർ ബ്രാൻഡ് ലോക ശ്രദ്ധ നേടി.
157 വർഷമായി തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബോബി ചെമ്മണൂർ ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിലായി 50ലേറെ ഷോറൂമുകളുണ്ട്.
മറഡോണ വേൾഡ് മ്യൂസിയം
 കൊൽക്കത്തയിലോ തൃശൂരിലോ നിർമ്മിക്കും; ഒരുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കും.
 'ദൈവത്തിന്റെ കൈ ഗോൾ" പ്രതീകമാക്കിയുള്ള മറഡോണയുടെ പൂർണകായ സ്വർണശില്പം പ്രധാന ആകർഷണം
 വിർച്വൽ റിയാലിറ്റി, ആർട്ട് ഗാലറി തുടങ്ങിയവയുമുണ്ടാകും
 മറഡോണയെക്കുറിച്ച് എല്ലാ വിവരങ്ങളും
 മറഡോണ ബോബിക്ക് സമ്മാനിച്ച സമ്മാനങ്ങളും കാണാം