election-in-kerala

കൊവിഡ് മഹാമാരിക്കിടെ വന്ന തദ്ദേശ ഭരണ തിരഞ്ഞടുപ്പിന്റെ കോലാഹലം അവസാനിക്കുകയാണ്. ആദ്യഘട്ട വോട്ടെടുപ്പ് ഇന്നു തുടങ്ങി. ഇൗ അവസരത്തിൽ വി.എസ്. അച്യുതാനന്ദൻ, കെ.ആർ. ഗൗരി അമ്മ, എ.കെ.ആന്റണി, വയലാർ രവി, ആര്യാടൻ മുഹമ്മദ്, ആർ. ബാലകൃഷ്ണപിള്ള, വൈക്കം വിശ്വൻ, പാലൊളി മുഹമ്മദ് കുട്ടി, വക്കം പുരുഷോത്തമൻ, എം.എം. ലോറൻസ് തുടങ്ങിയ തലമുതിർന്ന നേതാക്കളെല്ലാം നിശ്ശബ്ദരായി കളി കാണുകയാണ്. ആരോഗ്യപരമായ കാരണങ്ങളാൽ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന കോടിയേരി ബാലകൃഷ്ണനും സജീവമായില്ല. കെ.എം.മാണിയുടെയും എം.പി. വീരേന്ദ്രകുമാറിന്റെയും അഭാവവും തിരഞ്ഞെടുപ്പ് പ്രചാരണത്തെ മന്ദീഭവിപ്പിച്ചു. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമാണ് ഇങ്ങനൊരു അവസ്ഥ.

കഴക്കൂട്ടം: വാക്കുകളും മറുവാക്കുകളും ആയുധമാക്കി മുന്നേറുന്ന യുദ്ധമാണ് തിരഞ്ഞെടുപ്പ്. എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ നായകൻമാരില്ലാത്ത പടയൊരുക്കമാണ് നടന്നത്. സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ് മുതൽ കഴിഞ്ഞ വർഷം നടന്ന ഉപ തിരഞ്ഞെടുപ്പ് വരെ സജീവമായിരുന്ന അതികായൻമാർ കാഴ്ചക്കാരായി നോക്കി നിന്നു. കൊവിഡ് മാനദണ്ഡങ്ങളുള്ളതിനാൽ മുതിർന്നവർക്ക് പൊതുഇടങ്ങളിലെ നിരോധനവും റിവേഴ്സ് ക്വാറന്റൈൻ എന്ന 'സ്വയരക്ഷ"യും വാർദ്ധക്യസഹജമായ അവശതകളുമാണ് ഇവരെ വേദികളിൽ നിന്ന് അകറ്റിയത്.

ഇടതു മുന്നണിയിലും വലതു മുന്നണിയിലും മത്സരിക്കുന്നവർക്ക് വേണ്ടി കാസർകോട് മുതൽ തിരുവനന്തപുരം വരെ ഓടി നടന്നിരുന്ന തലമുതിർന്ന നേതാക്കളിൽ പലരും അവശതയിലാണ്. കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് മുതൽ സജീവമായിരുന്ന വി.എസ്.അച്യുതാനന്ദൻ ആവേശം ചൊരിയാൻ ഇറങ്ങിയില്ല. ഓൺലൈൻ പ്രചാരണം നടത്താൻ പോലും കഴിയാതെ വി.എസ് മാറിനിന്നു. നീട്ടിയും കുറുക്കിയും പ്രസംഗിക്കുന്നതിനിടയിൽ ചില വാക്കുകൾ പല തവണ ആവർത്തിച്ചും എതിരാളികളെ ആക്രമിച്ചും അണികളെ ആവേശം കൊള്ളിച്ചിരുന്ന വി.എസ് ഇല്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് കഴിഞ്ഞു പോയത്.

കെ.ആർ.ഗൗരി അമ്മയും ഈ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങിയില്ല. വിപ്ലവ നായികയായ ഗൗരിഅമ്മയെ അനാരോഗ്യം അലട്ടുന്നതിനാൽ യാത്രയും പ്രസംഗവും ബുദ്ധിമുട്ടാണ്. കേരളത്തിലെ രാഷ്ട്രീയ വേദികളിൽ തീപ്പൊരി വാക്കുകൾ വാരി വിതറി രാഷ്ട്രീയാഗ്നി ആളിക്കത്തിച്ചിരുന്ന പ്രാസംഗികൻ ആർ.ബാലകൃഷ്ണ പിള്ളയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി കൊടുത്തിരിക്കുകയാണ്. മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായ ആർ. ബാലകൃഷ്ണ പിള്ള വീട്ടിൽ ചികിത്സയിലാണ്.

തിരഞ്ഞെടുപ്പ് വേദികളിൽ താത്വികമായ വാദങ്ങളും വാചകങ്ങളും കൊണ്ട് സജീവമാക്കിയിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ മരണം തിരഞ്ഞെടുപ്പ് വേദികളിൽ വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചത്. എന്നും വിവാദങ്ങളും കാലു മാറ്റങ്ങളും കൊണ്ട് കേരള രാഷ്ട്രീയത്തെ വിവാദ തീച്ചൂളയിൽ നിർത്തിയിരുന്ന കെ.എം.മാണിയുടെ അഭാവവും കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ മന്ദീഭവിപ്പിച്ചു.

ആരോഗ്യപരമായ കാരണങ്ങളാൽ കോടിയേരി ബാലകൃഷ്ണനും സജീവമായില്ല. എ.കെ.ആന്റണിയും വയലാർ രവിയും ആര്യാടൻ മുഹമ്മദും വൈക്കം വിശ്വനും പാലൊളി മുഹമ്മദ് കുട്ടിയും വക്കം പുരുഷോത്തമനും എം.എം. ലോറൻസുമെല്ലാം നിശ്ശബ്ദരായി കളി കാണുകയാണ്. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായാണ് തലമുതിർന്ന നേതാക്കൾക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഒന്നിച്ചു മാറി നിൽക്കേണ്ട അവസ്ഥ വന്നത്.