alia

രാംചരൺ തേജയെയും ജൂനിയർ എൻ.ടി. ആറിനെയും നായകന്മാരാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തിൽ ബോളിവുഡ് താരം ആലിയ ഭട്ട് അഭിനയിച്ച് തുടങ്ങി. ആർ. ആർ. ആർ എന്ന് താത്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഇന്നലെ മുതലാണ് താരം അഭിനയിച്ച് തുടങ്ങിയത്.

ആലിയ ആദ്യമായാണ് ഒരു ദക്ഷിണേന്ത്യൻ ചിത്രത്തിൽ നായികയാകുന്നത്. രാംചരൺ അവതരിപ്പിക്കുന്ന അല്ലൂരി സീതാരാമ രാജുവിന്റെ ഭാര്യയായ സീതയുടെ വേഷമാണ് ആലിയ ചിത്രത്തിലവതരിപ്പിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ ആലിയ ഈ ചിത്രത്തിൽ ജോയിൻ ചെയ്യാനിരിക്കവെയാണ് ലോക്ക് ഡൗൺ മൂലം ഷൂട്ടിംഗ് നിറുത്തിവച്ചത്. രാജമൗലിയുടെ ആരാധികയായ ആലിയ ഈ ചിത്രത്തിന്റെ ഭാഗമാകണമെന്ന് നിശ്ചയിച്ചിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് താരം ഹൈദരാബാദ് എയർപോർട്ടിലെത്തിയത്.

അല്ലൂരി സിതാരാമരാജു കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര പോരാളികളുടെ കഥയാണ് ആർ. ആർ. ആർ. പറയുന്നത്. ബ്രിട്ടീഷ് താരം ഒലിവിയ മാരിസാണ് ഭീമിനെ അവതരിപ്പിക്കുന്ന ജൂനിയർ എൻ.ടി.ആറിന്റെ നായികയാകുന്നത്.