vote

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ല ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുമ്പോൾ കൂട്ടലും കിഴിക്കലുമായി മുന്നണികൾ. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ മൂന്ന് മുന്നണികളും ആശങ്കയിലാണ്. കൊവിഡ് രോവ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ പോളിംഗ് ശതമാനം താഴുമെന്ന ആശങ്ക മുന്നണികൾ എല്ലാം പങ്കുവയ്ക്കുന്നുണ്ട്.

2015ലെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലായിരുന്നു സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിംഗ്. സംസ്ഥാന ശരാശരിയെക്കാളും കുറവുമായിരുന്നു ഇത്. അന്ന് ജില്ലയിൽ 62.9 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്. സംസ്ഥാന ശരാശരിയാകട്ടെ 70.62 ശതമാനവും. പക്ഷേ, അന്ന് തിരുവനന്തപുരത്തിന് തൊട്ടു പിന്നിലുണ്ടായിരുന്ന എറണാകുളം കോർപ്പറേഷനിൽ പോലും 69.62 ശതമാനം ആയിരുന്നു പോളിംഗ്.

2015ൽ പോളിംഗ് ശതമാനം കുറഞ്ഞതിനൊപ്പം മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും വോട്ട് ശതമാനത്തിലും കുറവുണ്ടായി. അതേസമയം, ജില്ലയിലെ കോർപ്പറേഷനുകളിലെ ബി.ജെ.പിയുടെ വോട്ട് ശതമാനം ഉയരുകയും ചെയ്തു. 2010ൽ 11.06 ശതമാനം ആയിരുന്ന വോട്ട് ശതമാനം 27.03 ശതമാനമായാണ് ഉയർന്നത്.

വോട്ടർമാരെ ബൂത്തിലെത്തിക്കുക വെല്ലുവിളി

നിലവിലെ സാഹചര്യത്തിൽ വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കുകയെന്നത് മൂന്ന് മുന്നണികൾക്കും കടുത്ത വെല്ലുവിളി ആയിട്ടുണ്ട്. കൊവിഡ് സാഹചര്യം ഉള്ളതിനാൽ തന്നെ മുന്നണികൾ ഈ വെല്ലുവിളി എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ്. സാധാരണ പ്രചാരണ സമയത്ത് മൂന്ന് തവണ മുന്നണികൾ വോട്ടർമാരുടെ വീടുകൾ സന്ദർശിച്ചാൽ മതിയായിരുന്നു. ഇത്തവണ പക്ഷേ, സാഹചര്യം മാറി. അഞ്ച് തവണ വരെ വോട്ടർമാരെ നേരിട്ട് കാണാൻ പോകേണ്ട സ്ഥിതിയുണ്ടായി. വീടുകൾ ആവർത്തിച്ച് സന്ദർശിച്ചാൽ മാത്രമെ വോട്ട് ഉറപ്പിക്കാനാകൂ എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് നേതാക്കൾ പറയുന്നു. വീട്ടിൽ കയറി വോട്ട് ചോദിക്കാൻ കഴിയാത്തതും പ്രതികൂല ഘടകമായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.


കഴിഞ്ഞ കൗൺസിലിൽ പയറ്റിത്തെളിഞ്ഞ 10 പേർ പരസ്‌പരം ഏറ്റുമുട്ടുന്ന അഞ്ചു വാർഡുകളിലും മുന്നണികൾ ഏറെ ശ്രദ്ധവയ്ക്കുന്നുണ്ട്. ജഗതി,തിരുമല,പൊന്നുമംഗലം,ശാസ്തമംഗലം,നെടുങ്കാട് എന്നിവിടങ്ങളിലാണ് സിറ്റിംഗ് കൗൺസിലർമാർ പരസ്‌പരം പടവെട്ടുന്നത്. ഇതിൽ ജഗതി ഒഴികെ മറ്റു നാലും ജനറൽ സീറ്റുകളാണ്. എല്ലായിടത്തും എൽ.‌ഡി.എഫും ബി.ജെ.പിയും തമ്മിലാണ് ഏറ്റുമുട്ടൽ. യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഉണ്ടെങ്കിലും ദുർബലരാണെന്നാണ് എതിർ മുന്നണികൾ പറയുന്നത്.

ജഗതി വാർഡിൽ 262 വോട്ടിനായിരുന്നു കഴിഞ്ഞ തവണ ബി.ജെ.പിയുടെ വിജയം. തിരുമലയിലും ബി.ജെ.പിയാണ് ജയിച്ചത്. 468 വോട്ടായിരുന്നു ഭൂരിപക്ഷം. പൊന്നുമംഗലം 2015ൽ എൽ.ഡി.എഫ് ജയിച്ചത് 844 വോട്ടിനായിരുന്നു. ശാസ്തമംഹലം വാർഡിൽ 125 വോട്ടിനായിരുന്നു എൽ.ഡി.എഫിന്റെ ജയം. നെടുങ്കാട് വാർഡിൽ 743 വോട്ടിനായിരുന്നു കഴിഞ്ഞതവണ വിജയിച്ചത്.