k-b-ganeshkumar

ഇടയ്‌ക്കിടെ വിവാദങ്ങളിൽ കുരുങ്ങാറുള്ള നേതാവാണ് പത്തനാപുരം എം.എൽ.എ കെ.ബി ഗണേശ് കുമാർ. സമീപകാല വിവാദങ്ങൾ സംസ്ഥാനമാകെ ചർച്ചാവിഷയമാണെങ്കിലും പത്തനാപുരം മണ്ഡലത്തിൽ ഇതൊന്നും ഏശുകയേ ഇല്ലെന്നാണ് അവിടത്തെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കെ.ബി ഗണേശ് കുമാർ യു.ഡി.എഫിലും എൽ.ഡി.എഫിലും മാറിമാറി മത്സരിച്ചപ്പോഴും വിവാദങ്ങൾ അദ്ദേഹത്തിന് ചുറ്റും കാർമേഘം പോലെ വ്യാപിച്ചപ്പോഴും അവിടത്തെ ജനങ്ങൾ അതൊന്നും കാര്യമാക്കിയതേയില്ല.

എൽ.ഡി.എഫ് വിടാൻ അദ്ദേഹം ആലോചിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരള കോൺഗ്രസ് ബി ക്കും ഗണേശിനും അർഹമായ പ്രാതിനിധ്യം ഇടതുമുന്നണി നൽകുന്നില്ലെന്ന പരാതി പാർട്ടി നേതാക്കൾക്കും അണികൾക്കും കുറെ നാളുകളായുണ്ട്.

തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ ഗണേശനുമായി ബന്ധപ്പെട്ട് ഉയർന്ന രണ്ട് പ്രധാന വിവാദങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവ ചർച്ചാവിഷയമാണ്. 2017 ൽ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത കോട്ടാത്തല പ്രദീപ് കുമാർ ഗണേശന്റെ പി.എ മാത്രമല്ല, വിശ്വസ്തനും സന്തത സഹചാരിയുമാണ്. കാസർകോട്ട് നിന്നെത്തിയ പൊലീസ് സംഘം പുലർച്ചെ ഗണേശന്റെ പത്തനാപുരത്തെ ഓഫീസായി പ്രവർത്തിക്കുന്ന വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. റിമാന്റിലായിരുന്ന പ്രദീപ് കുമാറിന് കഴിഞ്ഞ ചൊവ്വാഴ്ച ജാമ്യം ലഭിച്ചതിനു പിന്നാലെ പൊലീസ് ഗണേശന്റെ പത്തനാപുരത്തെ ഓഫീസിലും പ്രദീപ്കുമാറിന്റെ വസതിയിലും റെയ്ഡ് നടത്തി. ഈ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദം അടങ്ങും മുമ്പാണ് സോളാർ കേസുമായി ബന്ധപ്പെട്ട ശരണ്യമനോജിന്റെ നിർണായക വെളിപ്പെടുത്തലുണ്ടായത്. സോളാർ കേസ് നായിക ജയിലിൽ നിന്നെഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരെഴുതി ചേർത്തതിനു പിന്നിൽ ഗണേശനായിരുന്നു എന്നാണ് ശരണ്യ മനോജ് വെളിപ്പെടുത്തിയത്. ഗണേശന്റെ ഉറ്റ ബന്ധുവായ ശരണ്യമനോജ് കേരള കോൺഗ്രസ് (ബി) യുടെ മുഖ്യ ഭാരവാഹി ആയിരുന്നയാളാണ്. തുടരെയുണ്ടായ രണ്ട് വിവാദങ്ങളെ തുടർന്ന് തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ തുടക്കം മുതലേ സജീവമായിരുന്നില്ല ഗണേശൻ. കഴിഞ്ഞദിവസം നടന്ന കലാശക്കൊട്ടിൽ പിറവന്തൂർ പഞ്ചായത്തിലെ പരിപാടിയിലാണ് ഗണേശ് കുമാർ പങ്കെടുത്തത്. പ്രദീപ്കുമാറിന്റെ അറസ്റ്റും തുടർന്ന് ഗണേശ് കുമാറിന്റെ വീട്ടിൽ നടന്ന റെയ്ഡും പാർട്ടി അണികളെ ചൊടിപ്പിച്ചെങ്കിലും അദ്ദേഹം മൗനം പാലിക്കുകയാണ്. എൽ.ഡി.എഫിൽ ചേക്കേറിയത് മന്ത്രിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും ആർ.ബാലകൃഷ്ണ പിള്ളയ്ക്ക് കാബിനറ്റ് റാങ്കോടെ മുന്നാക്ക സമുദായക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകിയതല്ലാതെ മറ്റു സ്ഥാനങ്ങളൊന്നും നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ അദ്ദേഹം വീണ്ടും യു.ഡി.എഫിൽ ചേക്കേറാനുള്ള നീക്കം അറിഞ്ഞ് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് പ്രദീപ്കുമാറിനെ അറസ്റ്റ് ചെയ്യുകയും ഗണേശന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തതെന്നാണ് പാർട്ടി പ്രവർത്തകർ ഉറച്ചുവിശ്വസിക്കുന്നത്. എന്നാൽ ശരണ്യ മനോജിന്റെ വെളിപ്പെടുത്തലോടെ യു.ഡി.എഫിലേക്കുള്ള വഴിയും തത്കാലം അടഞ്ഞിരിക്കുകയാണ്.

കോൺഗ്രസിൽ ഉമ്മൻചാണ്ടി വിഭാഗവും മറ്റു ഘടകകക്ഷികളും ഗണേശനെ മുന്നണിയിലേക്ക് എടുക്കുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഉറപ്പാണ്. പത്തനാപുരം എം.എൽ.എ യെപ്പോലുള്ളവരെ നാടിനാവശ്യമുണ്ടോ എന്ന് ജനങ്ങൾ തീരുമാനിക്കണമെന്ന് മുൻ മന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബുബേബിജോൺ ഫേസ്ബുക്കിലൂടെ ചോദിച്ചു. നടിയെ ആക്രമിച്ച കേസിൽ കോട്ടാത്തല പ്രദീപ് വെറും ഉപകരണം മാത്രമാണെന്നും പ്രദീപിനെ ഉപയോഗിച്ച് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച സിനിമാക്കാരനായ രാഷ്ട്രീയക്കാരൻ ആരെന്നത് വ്യക്തമാണെന്നും ഷിബു ഫേസ്ബുക്ക് കുറിപ്പിൽ തുറന്നടിച്ചു.

ഉറച്ച കമ്മ്യൂണിസ്റ്റ് മണ്ഡലമായിരുന്ന പത്തനാപുരത്ത് 2001 ലെ തിരഞ്ഞെടുപ്പോടെയാണ് ചുവപ്പിന് മങ്ങലേറ്റത്. അന്ന് ഗണേശൻ തോല്പിച്ചത് സി.പി.ഐ യിലെ കെ. പ്രകാശ് ബാബുവിനെ. കന്നിമത്സരത്തിൽ വിജയിച്ച ഗണേശൻ മന്ത്രിയുമായി. 2006 ലും വിജയിച്ച ഗണേശൻ തോല്പിച്ചത് സി.പി.ഐയിലെ തന്നെ കെ.ആർ ചന്ദ്രമോഹനനെ. 2011 ൽ സീറ്റ് സി.പി.ഐ സി.പി.എമ്മിന് വച്ചുമാറി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാലും ഗണേശനോട് തോറ്റു. വിജയിച്ച ഗണേശൻ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായി. എന്നാൽ കുടുംബവഴക്കും മറ്റും മന്ത്രിസഭയ്ക്ക് തന്നെ നാണക്കേടായപ്പോൾ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. വിവാദം കെട്ടടങ്ങിയപ്പോൾ മന്ത്രിസ്ഥാനം തിരികെ നൽകാൻ ഉമ്മൻചാണ്ടി തയ്യാറാകാതിരുന്നതാണ് വിരോധത്തിന് കാരണമെന്നും സോളാർ കേസുമായി ബന്ധപ്പെട്ട സരിതയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേരെഴുതി ചേർക്കാൻ പ്രേരണയായതെന്നുമാണ് ഇപ്പോൾ ശരണ്യ മനോജ് വെളിപ്പെടുത്തിയത്.

വിവാദങ്ങൾ കൂടപ്പിറപ്പായ

ഗണേശ് കുമാർ

യു.ഡി.എഫിലായിരുന്നപ്പോൾ വി.എസ് അച്യുതാനന്ദനെ ആക്ഷേപിച്ചതിന് പിന്നീട് പരസ്യമായി ഖേദം പ്രകടിപ്പിച്ചു. രണ്ട് വർഷം മുമ്പ് അഞ്ചലിൽ ഒരു മരണവീട്ടിൽ എത്തിയ തന്റെ കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് അമ്മയെയും മകനെയും തല്ലിയ കേസ് വിവാദമായപ്പോൾ എൻ.എസ്.എസ് നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. വീട്ടമ്മയോട് മാപ്പ് പറഞ്ഞാണ് അന്ന് തടിയൂരിയത്.

ഇതൊക്കെയാണെങ്കിലും പത്തനാപുരത്തുകാർക്ക് ഗണേശനോടുള്ള താത്പര്യത്തിന് ഒരു കുറവും ഉണ്ടാകുന്നില്ലെന്നതാണ് രാഷ്ട്രീയ പ്രതിയോഗികളെപ്പോലും അത്ഭുതപ്പെടുത്തുന്നത്. ജനപ്രതിനിധിയെന്ന നിലയിലുള്ള ഗണേശന്റെ പ്രവർത്തനങ്ങളാണ് ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ സ്വീകാര്യനാക്കുന്നത്. ആദ്യ ജയം മുതൽതന്നെ രാഷ്ട്രീയ ഭേദമെന്യെ പത്തനാപുരം നിവാസികളുടെ മനസിൽ കുടിയേറിയ അദ്ദേഹം മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ കർക്കശക്കാരനും ആത്മാർത്ഥതയുള്ള രാഷ്ട്രീയക്കാരനുമാണ്. മണ്ഡലത്തിലെ റോഡുകളുടെ നവീകരണം, ആശുപത്രികൾ, സ്കൂൾ കെട്ടിടങ്ങൾ, മറ്റു സർക്കാരോഫീസുകൾ എല്ലാം ഹൈടെക്കാണ്. സർക്കാർ സ്കൂളുകളിൽ സ്വിമ്മിംഗ് പൂളിനു പുറമെ, ടൗണിൽ നിർമ്മിച്ച സ്റ്റേഡിയം കോംപ്ളക്സിലും സ്വിമ്മിംഗ് പൂളടക്കമുണ്ട്. മൂന്ന് മൾട്ടിപ്ളക്സ് തിയേറ്ററുകൾ ഉൾപ്പെടുന്ന പുതിയൊരു ഷോപ്പിംഗ് മാളിന്റെ നിർമ്മാണം ഉടൻ തുടങ്ങും. ക്ളീൻ പത്തനാപുരത്തിന്റെ ഭാഗമായി നഗരസൗന്ദര്യവത്കരണം നടപ്പാക്കാൻ പോകുന്നു. നഗരവീഥികൾ ചെടികൾ നട്ട് മോടിയാക്കും. ഇങ്ങനെ നിരവധി പദ്ധതികൾ. മണ്ഡലത്തിലെ ഏതൊരാളുടെ പ്രശ്നത്തിനും ഒപ്പം കെ.ബി. ഗണേശ് കുമാർ ഒപ്പം നിൽക്കും. ഇങ്ങനെയൊരു ജനപ്രതിനിധിയുള്ളപ്പോൾ വിവാദങ്ങളെ എന്തിന് കാര്യമാക്കണമെന്നാണ് പത്തനാപുരത്തുകാരുടെ ചോദ്യം.