terrorist

ന്യൂഡൽഹി: ഡൽഹി പൊലീസ് ഇന്ന് പിടികൂടിയ അഞ്ച് ഭീകരർ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയുള‌ള ലഹരിമരുന്ന് കടത്തുന്നവരാണെന്ന് പൊലീസ്. ഡൽഹി ശക്കർപൂറിൽ നടന്ന ഏ‌റ്റുമുട്ടലിനൊടുവിലാണ് അഞ്ച് ഭീകരരെയും പിടികൂടിയത്. ഇവരിൽ രണ്ട് പേർ പഞ്ചാബിൽ നിന്നും മൂന്ന് പേർ കാശ്‌മീരിൽ നിന്നുമുള‌ളവരാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

ഖാലിസ്ഥാൻ തീവ്രവാദത്തെ കാശ്‌മീരിലെ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കാനാണ് ഇവർ ശ്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇവരിൽ നിന്നും മൂന്ന് പിസ്‌റ്റളുകൾ, രണ്ട് കിലോ ഹെറോയിൻ, ഒരു ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. ഇവരിൽ പഞ്ചാബിൽ നിന്നുള‌ള രണ്ടുപേർ ശൗര്യ ചക്ര പുരസ്‌കാരം ലഭിച്ച ബൽവീന്ദർ സിംഗിനെ കഴിഞ്ഞ ഒക്‌ടോബറിൽ വധിച്ച കേസിൽ പ്രതികളാണ്. മൂന്ന് കാശ്‌മീർ സ്വദേശികൾക്ക് ഹിസ്‌ബുൾ മുജാഹിദ്ദീനുമായാണ് ബന്ധമുള‌ളത്. ഇവർ ഖാലിസ്ഥാൻ പ്രസ്ഥാനത്തെ കാശ്‌മീർ തീവ്രവാദവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നവരാണെന്ന് ഡൽഹി പൊലീസിലെ സ്‌പെഷ്യൽ സെൽ ഡി.സി.പി പ്രമോദ് കുശ്‌വാഹ അറിയിച്ചു. ഇവരുടെ കേസ് പഞ്ചാബ് പൊലീസും അന്വേഷിക്കുന്നുണ്ടെന്ന് കുശ്‌വാഹ പറഞ്ഞു.

പഞ്ചാബിൽ നിന്നുള‌ളവർ തീവ്രവാദികൾ നോട്ടമിട്ടവരെ കൊലപ്പെടുത്താനും, കാശ്‌മീരിൽ നിന്നുള‌ളവർ ലഹരി കടത്താനുമാണ് ഒന്നിച്ച് പ്രവർത്തിച്ചിരുന്നതെന്നും ഡൽഹി പൊലീസ് അറിയിച്ചു. കാശ്‌മീർ സ്വദേശികൾക്ക് പാകിസ്ഥാനിലും കാശ്‌മീരിലെ പാകിസ്ഥാൻ അധിനിവേശമുള‌ളയിടത്തും ശക്തമായ സ്വാധീനമുണ്ട്. ഇവർ ഇരുവരെയും ബന്ധിപ്പിക്കുന്നത് ഐ.എസ്.ഐയാണ്.