
കോഴിക്കോട്: അഞ്ചരക്കിലോ മുക്കുപണ്ടം പണയം വച്ച് ബാങ്കിൽ നിന്ന് 1.69 കോടി തട്ടിയെടുത്ത കേസിൽ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. വയനാട് ഇരുളം പുതിയേടത്ത് വീട്ടിൽ കെ കെ ബിന്ദുവിനെ (43) ആണ് കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി മുതൽ നവംബർ 24 വരെ 45 തവണയാണ് പി എം താജ് റോഡിലെ യൂണിയൻ ബാങ്ക് ശാഖയിൽനിന്ന് സ്വർണമെന്ന വ്യാജേന അഞ്ചരക്കിലോ മുക്കുപണ്ടം പണയം വച്ചത്. ഇതിൽ 20 തവണയും ബിന്ദു തന്നെയാണ് പണയം വയ്ക്കാനായി എത്തിയത്. ബാക്കിയുള്ളത് സ്ഥാപനത്തിലെ ജീവനക്കാരുടെ അക്കൗണ്ട് വഴിയായിരുന്നു.
ബാങ്കിന്റെ വാർഷിക ഓഡിറ്റുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പുവിവരം മനസിലായത്. തുടർന്ന് ബാങ്ക് അധികൃതർ ടൗൺ പൊലീസിൽ പരാതിനൽകി. പിന്നാലെ സിറ്റി പൊലീസ് മേധാവി എ.വി.ജോർജ്, സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. ബാബുവിന്റെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം തുടങ്ങി. കേസിൽ ബാങ്കിലെ അപ്രൈസർ ഉൾപ്പടെ ഒമ്പതുപേരെ പൊലീസ് പ്രതികളാക്കിയിട്ടുണ്ട്.
തൃശൂരിൽനിന്നാണ് വ്യാജസ്വർണം എത്തിക്കുന്നതെന്ന് ബിന്ദു അന്വേഷണ സംഘത്തിന് മൊഴി നൽകി. 10 ശതമാനം മാത്രം സ്വർണത്തിന്റെ അംശമുള്ള ആഭരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. വളകളും മാലകളുമാണ് പണയം വച്ചതിൽ ഏറെയും. ബാങ്ക് ജീവനക്കാരിലേക്കും വ്യാജ സ്വർണാഭരണം നിർമ്മിച്ച തൃശൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മുമ്പ് ചിട്ടി തട്ടിപ്പു കേസിലും പ്രതിയായ ഇവർ ജാമ്യത്തിൽ കഴിയുകയായിരുന്നു. നടക്കാവ് ബിലാത്തിക്കുളത്തെ വാടക ഫ്ലാറ്റിലാണ് ഇപ്പോൾ താമസം.
ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള പി.എം. താജ് റോഡിലെ പിങ്ക് ബ്യൂട്ടി പാർലറിലും മെസ് ഹൗസിലും മിഠായിത്തെരുവിലെ പിങ്ക് സ്റ്റിച്ചിംഗ് യൂണിറ്റിലും ടൗൺ പൊലീസ് പരിശോധന നടത്തി. ഇവിടങ്ങളിൽനിന്നും വ്യാജസ്വർണം പിടികൂടിയിട്ടുണ്ട്.ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പേരിലും മുക്കുപണ്ടം പണയംവച്ചിട്ടുണ്ട്. വ്യാജ സ്വർണം വാങ്ങാനായി ഇവർക്ക് 90 ലക്ഷം രൂപ ചെലവായതായി പൊലീസ് പറഞ്ഞു. ബിന്ദുവിന്റെ അക്കൗണ്ട് ഈ ബാങ്കിലായതിനാൽ ജീവനക്കാരുമായി സൗഹൃദമുണ്ടായിരുന്നു. ഇതാണ് ബിന്ദു മുതലെടുത്തത്.